ലഹരിക്കെതിരെ കടുത്ത നടപടിയുമായി കൈക്കോട്ടുകടവ് മഹല്ല് കമ്മിറ്റി; കുറ്റക്കാർക്ക് വിവാഹ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ല
ചെറുവത്തൂർ: ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് കച്ചവടത്തിനുമെതിരെ ശക്തമായ നടപടികളുമായി തൃക്കരിപ്പൂർ കൈക്കോട്ടുകടവ് മഹല്ല് കമ്മിറ്റി. ലഹരി ഉപയോഗിക്കുകയോ കച്ചവടത്തിൽ ഏർപ്പെടുകയോ ചെയ്യുന്നവരെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ നിയമനടപടികൾക്കായി പോലീസിന് കൈമാറുമെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവർക്ക് വിവാഹ ആവശ്യങ്ങൾക്കുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റും സ്വഭാവ സർട്ടിഫിക്കറ്റും നൽകില്ലെന്നും മഹല്ല് കമ്മിറ്റി തീരുമാനിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മഹല്ല് ജാഗ്രതാ സമിതിയും രൂപീകരിച്ചു.
കഴിഞ്ഞ ദിവസം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് ലഹരിക്കെതിരായ ഈ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ചന്ദേര എസ്.ഐ. സതീഷ് വർമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ടി.പി.എം. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രജേഷ് കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
ജാഗ്രതാ സമിതി കൺവീനറായി എൻ. അഷ്റഫിനെയും വനിതാ വിങ്ങ് കൺവീനറായി കെ.വി.പി. റംല ഷാഫിയെയും തെരഞ്ഞെടുത്തു.
വാർഡ് മെമ്പർ എം.ടി. അബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി. സുനിറ, മഹല്ല് ട്രഷറർ എം.എ.സി. കുഞ്ഞബ്ദുള്ള ഹാജി, എസ്. കുഞ്ഞഹമ്മദ്, സ്കൂൾ മാനേജർ ടി. കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ സംസാരിച്ചു. മഹല്ല് ജനറൽ സെക്രട്ടറി എം.കെ. അബ്ദുല്ല ദാരിമി സ്വാഗതവും പി.കെ.എം. കുട്ടി നന്ദിയും രേഖപ്പെടുത്തി.
What's Your Reaction?