കാറിൽ കൊണ്ടുവന്ന എം ഡി എം എയുമായി കണ്ണൂർ സ്വദേശി നീലേശ്വരത്ത് അറസ്റ്റിൽ

Jun 30, 2026 - 07:50
Jun 30, 2026 - 07:56
 0
കാറിൽ കൊണ്ടുവന്ന എം ഡി എം എയുമായി കണ്ണൂർ സ്വദേശി നീലേശ്വരത്ത് അറസ്റ്റിൽ

നീലേശ്വരം: കാറിൽ കടത്തികൊണ്ടുവന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചേലോറ കാപ്പാട്ട് സജിനാസിൽ കെ.പി. അയൂബിന്റെ മകൻ കെ.പി. ഷാനീസ് (35) ആണ് പിടിയിലായത്.

ഇന്നലെ രാത്രി 9.40ഓടെ മാർക്കറ്റ് ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് എത്തിയ കെ.എൽ. 44 ജെ. 2882 നമ്പർ കറുത്ത കാർ പൊലീസ് കണ്ടതോടെ പിറകോട്ട് എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വാഹനം കുറുകെയിട്ട് തടഞ്ഞുനിർത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ ഡാഷ്ബോർഡിൽ സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 1.8 ഗ്രാം എംഡിഎംഎ കണ്ടെത്തി. പ്രതിയിൽ നിന്ന് 50,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തതോടൊപ്പം കാറും കസ്റ്റഡിയിലെടുത്തു.

കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ പുത്തൂർ കോടതിയിൽ പോയപ്പോൾ പരിചയപ്പെട്ട ഒരാളിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് പ്രതി പൊലീസിനോട് മൊഴി നൽകിയതായി അധികൃതർ അറിയിച്ചു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ. മുരളീധരന്റെ നിർദേശപ്രകാരം എസ്.ഐ. കെ. അജിതയുടെ നേതൃത്വത്തിൽ എ.എസ്.ഐ. രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, ദിലീഷ്, സുജിത്ത്, സുരേന്ദ്രൻ, ഡ്രൈവർ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ ഇന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (II)യിൽ ഹാജരാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow