മുഹമ്മദ് കുഞ്ഞി മാസ്റ്റർ ജീവിത വിശുദ്ധിയുടെ അടയാളം: മന്ത്രി കെ എം ഷാജി
കൂർമ്മൽ എഴുത്തച്ഛൻ പുരസ്കാരം സി. കുഞ്ഞാമിനയ്ക്ക്
കാഞ്ഞങ്ങാട്: ജീവിത വിശുദ്ധിയും സത്യസന്ധതയും വ്യക്തിജീവിതത്തിലും പൊതുസമൂഹത്തിലും അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു മാധ്യമപ്രവർത്തകനും മുസ്‌ലിം ലീഗ് നേതാവുമായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടേതെന്ന് തദ്ദേശമന്ത്രി കെ.എം. ഷാജി പറഞ്ഞു.
താൻ ജ്യേഷ്ഠ സഹോദരനെപ്പോലെ ആദരിച്ചിരുന്ന മുഹമ്മദ് കുഞ്ഞി മാസ്റ്റർ സങ്കടങ്ങളും പ്രയാസങ്ങളും ഉള്ളിലൊതുക്കി ജനനന്മയ്ക്കായി പ്രവർത്തിച്ച വ്യക്തിയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ‘മാഷ് ഓർമ്മ’ എന്ന പേരിലുള്ള പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്മരണികയുടെ കവർ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സത്യമുള്ളയിടത്താണ് ദൈവം” എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ മുഹമ്മദ് കുഞ്ഞി മാസ്റ്റർക്ക് കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
അജാനൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് അംഗം ഖാലിദ് അറബിക്കാടത്ത് ഏർപ്പെടുത്തിയ കൂർമ്മൽ എഴുത്തച്ഛൻ പുരസ്കാരം പഞ്ചായത്ത് അംഗം കൊളവയലിലെ സി. കുഞ്ഞാമിനയ്ക്ക് മന്ത്രി ഷാജി സമ്മാനിച്ചു. 10,001 രൂപയും ഉപഹാരവുമാണ് പുരസ്കാരം.
അതിഞ്ഞാൽ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. സ്മരണിക സമിതി ചെയർമാൻ തെരുവത്ത് മൂസ്സ ഹാജി അധ്യക്ഷനായി. ചീഫ് എഡിറ്റർ ടി. മുഹമ്മദ് അസ്ലാം സ്മരണിക പരിചയപ്പെടുത്തി.
പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി പുരസ്കാര ജേതാവിന് പ്രശംസാപത്രം നൽകി. സി.എച്ച്. സെന്ററിനുള്ള ധനസഹായം എം.എം. ഷറഫുദ്ദീൻ സെന്റർ കൺവീനർ സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജിക്ക് കൈമാറി.
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മുബാറക് ഹസൈനാർ ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അബ്ദുൾ കരീം, സി.കെ. അബ്ദുള്ള ഹാജി, എ.പി. ഉമ്മർ, എ. ഹമീദ് ഹാജി, സി. മുഹമ്മദ് കുഞ്ഞി, എം.ബി.എം. അഷറഫ്, പി.എം. ഫാറൂഖ്, പി. മൊയ്തീൻ കുഞ്ഞി, പി.എം. ഫൈസൽ എന്നിവർ സംസാരിച്ചു. വാർഡ് ലീഗ് പ്രസിഡന്റ് സി.എച്ച്. സുലൈമാൻ സ്വാഗതവും കൺവീനർ ഖാലിദ് അറബിക്കാടത്ത് നന്ദിയും പറഞ്ഞു.
What's Your Reaction?