ഇന്ന് അത്തം; മലയാളിയുടെ ഓണാഘോഷങ്ങൾക്ക് തുടക്കം
മലയാളികളുടെ ഓണനാളുകൾക്ക് ഇന്ന് തുടക്കം. അത്തം മുതൽ ആരംഭിക്കുന്ന ഓണാഘോഷങ്ങളുടെ പതിനൊന്നാം ദിവസമാണ് ഇക്കുറി തിരുവോണം. തിരുവോണം ചോതിനാൾ രണ്ടുദിവസം വരുന്നതിനാലാണ് ഇത്തവണ ഓണദിനങ്ങളുടെ എണ്ണം പതിനൊന്നാകുന്നത്. കർക്കടകമാസത്തിന്റെ അവസാനത്തിൽ അത്തം പിറക്കുന്നതും ഈ വർഷത്തെ അപൂർവതയാണ്.
ഓഗസ്റ്റ് 17നാണ് ചിങ്ങപ്പിറവി. ഓഗസ്റ്റ് 25ന് ഉത്രാടവും 26ന് തിരുവോണവും ആഘോഷിക്കും. ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിലെ പ്രശസ്തമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും.
ഇന്നുമുതൽ മലയാളികളുടെ മുറ്റങ്ങളിൽ പൂക്കളങ്ങൾ ഒരുങ്ങും. അത്തം മുതൽ തിരുവോണം വരെ ഒരുക്കുന്ന പൂക്കളങ്ങൾക്കും പ്രത്യേകതയുണ്ട്. തുമ്പപ്പൂവ് ഉപയോഗിച്ച് വട്ടത്തിൽ തുടങ്ങുന്ന പൂക്കളം ഓരോ ദിവസവും കൂടുതൽ വലുതും വർണാഭവുമാകും.
അത്തം മുതൽ തിരുവോണം വരെയുള്ള ദിനങ്ങൾ പൂക്കളങ്ങളുടെയും വള്ളംകളികളുടെയും വിഭവസമൃദ്ധമായ ഓണസദ്യയുടെയും ആഘോഷങ്ങളുടെയും കാലമാണ്. എന്നാൽ ‘അത്തം പത്തിന് തിരുവോണം’ എന്ന പതിവുചൊല്ലിന് ഇത്തവണ മാറ്റമുണ്ടാകും. പതിനൊന്നാം ദിവസമാണ് തിരുവോണം എത്തുന്നത്. കർക്കടകമാസത്തിന്റെ അവസാനത്തിൽ അത്തം പിറക്കുന്നതും ഈ ഓണക്കാലത്തെ വേറിട്ടതാക്കുന്നു.
What's Your Reaction?