ഷാരോൺവധം; എല്ലാം ആസൂത്രിതം.

Jan 20, 2025 - 11:56
 0
ഷാരോൺവധം; എല്ലാം ആസൂത്രിതം.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ വിധി പ്രസ്താവം കേട്ടത്. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിധികേട്ട് ഷാരോണിന്റെ കുടുംബം കോടതിക്ക് അകത്തിരുന്ന് പൊട്ടിക്കരഞ്ഞു. കോടതിക്ക് മുമ്പില്‍ തൊഴുകയ്യോടെ കുടുംബം നിന്നു.

2022 ഒക്ടോബർ 14-ന് രാവിലെ പത്തരയ്ക്കാണ് ഗ്രീഷ്മ ആൺസുഹൃത്തായ ഷാരോൺ രാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. വിഷം നൽകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഗ്രീഷ്മ ഷാരോണിന് നൽകാനുറച്ച പാരക്വിറ്റ് വിഷം മനുഷ്യശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഇന്റർനെറ്റിൽ തിരഞ്ഞു. 15 മില്ലി വിഷം ശരീരത്തിലെത്തിയാൽ മരണം ഉറപ്പാണെന്ന് വെബ് സെർച്ചിലൂടെ ഗ്രീഷ്മ മനസിലാക്കി. ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ തെളിവ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷം ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ.അരുണ കോടതിയിൽ മൊഴി നൽകി.

ഷാരോണിന് വിഷം കലർത്തി നൽകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരിൽ പാരസെറ്റമോൾ ഗുളികകൾ കലർത്തിയ പഴച്ചാർ നൽകിയിരുന്നു. ഇത് നൽകുന്നതിന് മുൻപും ഗ്രീഷ്മ പലപ്രാവശ്യം പാരസെറ്റമോൾ എത്ര അളവിൽ നൽകിയാലാണ് ശരീരത്തിന് ഹാനികരമാകുന്നതെന്ന് മനസ്സിലാക്കിയിരുന്നതായി പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകൾ നൽകി. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത്കുമാറാണ് പ്രോസിക്യൂഷനായി കോടതിയിൽ ഹാജരായത്.

പാറശ്ശാല സമുദായപ്പറ്റ് സ്വദേശിയായ ഷാരോൺ രാജും തമിഴ്നാട്ടിലെ ദേവിയോട് സ്വദേശിനിയായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് ആർമി ഉദ്യോഗസ്ഥന്റെ വിവാഹാലോചന വന്നു. ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഷാരോണിനെ താലി കെട്ടിയശേഷം കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow