യുഎഇയിൽ ഫ്ലൈയിംഗ് ടൈഗർ ഗ്ലാസ് കപ്പുകൾക്ക് നിരോധനം; ഉൽപ്പന്നങ്ങൾ ഉടൻ നശിപ്പിക്കണമെന്ന് നിർദ്ദേശം
ദുബായ്: യു എ ഇ വിപണിയിലുള്ള ഫ്ലൈയിംഗ് ടൈഗർ ബ്രാന്റിന്റെ പ്രത്യേകതരം ഗ്ലാസ് കപ്പുകൾ ഉടൻ ഉപയോഗിക്കുന്നത് നിർത്തണമെന്നും അവ നശിപ്പിച്ചു കളയണമെന്നും സാമ്പത്തിക വിനോദസഞ്ചാര മന്ത്രാലയം ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. കപ്പുകളിൽ അടങ്ങിയിരിക്കുന്ന ലെഡ്-കാഡ്മിയം എന്നിവയുടെ അളവ് നിശ്ചിത പരിധിയിൽ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 220 മില്ലി ലിറ്റർ ശേഷിയുള്ള ഗ്ലാസ് കപ്പുകളാണ് മന്ത്രാലയം തിരിച്ചുവിളിച്ചിരിക്കുന്നത്.
2024-25 വർഷത്തിൽ വിറ്റഴിച്ച കപ്പുകളുടെ പുറത്തെ പ്രിന്റിലാണ് അപകടകരമായ രീതിയിൽ ലെഡ്-കാഡ്മിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്താൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ ഒട്ടും വൈകാതെ ഉപേക്ഷിക്കണം. വിപണിയിലെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ കർശനമായ പരിശോധനകൾ തുടരുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ.
What's Your Reaction?