ഷാർജയിൽ മലയാളി യുവതിയുടെയും മകളുടെയും മരണം: പ്രവാസി സമൂഹത്തെ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

May 25, 2026 - 06:28
 0
ഷാർജയിൽ മലയാളി യുവതിയുടെയും മകളുടെയും മരണം: പ്രവാസി സമൂഹത്തെ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

ഷാർജ: ഷാർജയിലെ അൽ നഹ്ദയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് വീണ് മലയാളി യുവതിയും അഞ്ചുവയസ്സുകാരിയായ മകളും മരിച്ച സംഭവത്തിൽ ഹൃദയഭേദകമായ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് ആദ്യം മകളെ താഴേക്ക് എറിഞ്ഞ ശേഷം യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചന.

ആറ് നിലകളുള്ള പാർക്കിംഗ് സംവിധാനവും മറ്റ് സൗകര്യങ്ങളും ഉൾപ്പെടുത്തി കണക്കാക്കുമ്പോൾ, ഏകദേശം 22 നിലകളുടെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചതെന്ന് ദൃക്‌സാക്ഷികളും കെട്ടിടത്തിലെ ജീവനക്കാരും പറയുന്നു.

കണ്ണൂർ അഴീക്കോട് സ്വദേശികളായ ടി.കെ. പുരുഷോത്തമൻ–ഗീത ദമ്പതികളുടെ മകൾ ആർഷ (35), മകൾ റുഹി (5) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവള മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവ് നിഹിലിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ദുരന്തത്തിന് തലേദിവസം രാത്രി ഫ്ലാറ്റിൽ കടുത്ത കുടുംബവഴക്ക് നടന്നിരുന്നുവെന്നാണ് അയൽവാസികളുടെ വെളിപ്പെടുത്തൽ. തർക്കം രൂക്ഷമായതിനെ തുടർന്ന് പോലീസ് ഫ്ലാറ്റിലെത്തിയതായും അവർ പറയുന്നു. അതേസമയം, ഭാര്യയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ഭർത്താവ് മുമ്പ് പറഞ്ഞിരുന്നുവെന്ന വിവരവും കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ പുറത്തുവിട്ടിട്ടുണ്ട്.

12 വർഷം മുമ്പാണ് ആർഷയും നിഹിലും വിവാഹിതരായത്. കഴിഞ്ഞ ഏഴ് വർഷമായി ഇവർ ഇതേ ഫ്ലാറ്റിലായിരുന്നു താമസം. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോഴാണ് റോഡിനും നടപ്പാതയ്ക്കുമരികിൽ രക്തത്തിൽ കുളിച്ച നിലയിൽ അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടതെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.

സംഭവത്തെ തുടർന്ന് പോലീസും ആംബുലൻസും സ്ഥലത്തെത്തി പ്രദേശം നിയന്ത്രണത്തിലാക്കി. മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി. കേസ് ആത്മഹത്യയായി രജിസ്റ്റർ ചെയ്ത ഷാർജ പോലീസ്, അന്വേഷണം തുടരുന്നതിനായി ഫയലുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. സഹോദരി അഷിത തൊട്ടടുത്ത ഫ്ലാറ്റിലായിരുന്നു താമസം. നിഹിലിന്റെ കുടുംബാംഗങ്ങളും യുഎഇയിൽ തന്നെയുണ്ട്. എപ്പോഴും പുഞ്ചിരിയോടെ പെരുമാറിയിരുന്ന അമ്മയുടെയും മകളുടെയും അപ്രതീക്ഷിത വേർപാട് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരെയും പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow