എണ്ണപ്പാറ മലയാറ്റുകയിൽ പുലി സാന്നിധ്യ സംശയം; ജാഗ്രതാ നിർദേശവുമായി വനംവകുപ്പും പോലീസും
തായന്നൂർ: എണ്ണപ്പാറ മലയാറ്റുകര മേഖലയിൽ പുലിയെ കണ്ടതായി രണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പും അമ്പലത്തറ പോലീസും സംയുക്തമായി പ്രാഥമിക പരിശോധന നടത്തി. എന്നാൽ മഴയെ തുടർന്ന് പുലിയുടെ കാൽപ്പാടുകളോ മറ്റ് വ്യക്തമായ തെളിവുകളോ കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം രാവിലെ പത്രം എടുക്കാൻ പോയ കർഷകനായ മലയാറ്റുകര ജോസ് തന്റെ റബ്ബർതോട്ടത്തിൽ പുലിയെ കണ്ടതായി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ മടയൻ എന്നയാളും ആളൊഴിഞ്ഞ് കാടുപിടിച്ചുകിടക്കുന്ന ഒരു പറമ്പിൽ പുലിയെ കണ്ടതായി അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
മഴ പെയ്തതിനാൽ തെളിവുകൾ ലഭിച്ചില്ലെങ്കിലും പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും പോലീസും നിർദേശിച്ചു. റബ്ബർ ടാപ്പിങ്ങിന് പോകുന്നവർ ഹെഡ് ലൈറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ ഉപയോഗിക്കണമെന്നും രാത്രിയിൽ വളർത്തുമൃഗങ്ങളുടെ അസ്വാഭാവിക കരച്ചിലോ മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
എണ്ണപ്പാറ മലയാറ്റുകര പ്രദേശം വനംവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും സാഹചര്യം തുടർച്ചയായി വിലയിരുത്തിവരുകയാണെന്നും അധികൃതർ അറിയിച്ചു.
What's Your Reaction?