കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പ് പിടിയിലായി.

Jan 23, 2025 - 18:12
 0
കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പ് പിടിയിലായി.

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പ് പിടിയിലായി. കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കോട്ടയം ചിങ്ങവനം കുറിച്ചിയില്‍ നിന്ന് പൊലീസ് പിടികൂടിയത്.

കുറിച്ചിയില്‍ ഹോംനേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. തിരികെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഷവസ്തു കഴിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജോണ്‍സനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സണ്‍. വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടില്‍ ആതിരയെ (30) ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെയാണ് കഴുത്തില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. കൊലയ്ക്കു ശേഷം യുവതിയുടെ സ്‌കൂട്ടറിലാണ് ജോണ്‍സണ്‍ രക്ഷപ്പെട്ടത്.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്‍സണിന് നല്‍കി. കൃത്യത്തിന് മൂന്നുദിവസം മുമ്പ് 2,500 രൂപയും യുവതിയുടെ പക്കല്‍ നിന്നും വാങ്ങി. നേരത്തേ യുവതി ജോണ്‍സണുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ പണം തട്ടിയിരുന്നത്.

ഒടുവില്‍ കൂടെ പോകണമെന്ന് ജോണ്‍സണ്‍ യുവതിയോട് പറഞ്ഞു. ഇത് യുവതി വിസമ്മതിച്ചു. കൃത്യം നടന്ന ദിവസം രാവിലെ ഒന്‍പതു മണിയോടെ വീട്ടിലെത്തിയ ജോണ്‍സണിന് യുവതി ചായ കൊടുത്തു. പിന്നീടാണ് യുവതിയെ എന്തോ നല്‍കി മയക്കിയതിന് ശേഷം കഴുത്തില്‍ കത്തി കുത്തി കൊന്നത്. കൊല നടന്ന ദിവസം രാവിലെ പ്രതി പെരുമാതുറയിലെ വാടകവീട്ടില്‍ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow