ഗെയിമിംഗ് ആപ്പ് തട്ടിപ്പ്; പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കാഞ്ഞങ്ങാട്: ഓൺലൈൻ ഗെയിമിംഗ് ആപ്പ് വഴി നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടർന്ന് മാനസികമായി തളർന്ന യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുരുപുരം സ്വദേശിയായ 25കാരനെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ പരാതിയിൽ കാസർകോട് സ്വദേശിയായ അൻസാർ എന്നയാൾക്കെതിരെ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസറും കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും യുവാവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നടപടിയെടുത്തത്.
പോലീസ് മൊഴിയിൽ പറയുന്നതനുസരിച്ച്, 2026 ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെയുള്ള ദിവസങ്ങളിൽ ഗെയിമിംഗ് ആപ്പ് വഴി പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് പ്രതി യുവാവിനെ വിശ്വസിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവ് ഗൂഗിൾ പേ വഴി 1,16,000 രൂപയും സുഹൃത്ത് വഴി നേരിട്ട് 19,000 രൂപയും കൈമാറിയതായി പറയുന്നു.
കൂടാതെ, ഏകദേശം 15,000 വിലവരുന്ന മൊബൈൽ ഫോൺ അന്യായമായി കൈവശപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു. പണം നഷ്ടപ്പെട്ടതും തട്ടിപ്പിന് ഇരയായതുമൂലമുള്ള കടുത്ത മാനസിക സമ്മർദ്ദത്തിലാണ് യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. നിലവിൽ യുവാവ് ചെങ്കളയിലെ നായനാർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ഇടപാടുകളും പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?