ചിറകുവിരിച്ച് കിദൂർ
ഏഴുവർഷത്തെ കാത്തിരിപ്പിന് വിരാമം; പക്ഷികളുടെ പറുദീസ ഇനി ടൂറിസം ഭൂപടത്തിൽ
കുമ്പള:കുമ്പള ഗ്രാമപഞ്ചായത്തിലെ കിദൂർ ഇനി പക്ഷികളുടെ ആവാസകേന്ദ്രം മാത്രമല്ല, പരിസ്ഥിതി പഠനത്തിന്റെയും പ്രകൃതി വിനോദസഞ്ചാരത്തിന്റെയും പ്രധാന കേന്ദ്രമായി മാറുകയാണ്. ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പക്ഷി ഗ്രാമം ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കുമ്പോൾ, ആദ്യ പരിസ്ഥിതി പഠന പരിപാടിക്ക് ഈ മാസാവസാനം തുടക്കമാകും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ ഇടപെടലോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ ലഭിച്ചത്.
പക്ഷിനിരീക്ഷകരുടെയും ഗവേഷകരുടെയും പ്രിയകേന്ദ്രമായ കിദൂരിൽ ഇതുവരെ 152-ലധികം ഇനങ്ങളിലുള്ള പക്ഷികളെ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രകൃതിസ്നേഹികളും വിദ്യാർഥികളും വർഷങ്ങളായി ഇവിടെ എത്തുന്നുണ്ട്. 2016-ൽ പ്രാദേശിക പക്ഷിനിരീക്ഷകനായ രാജു അപൂർവ പക്ഷികളുടെ സാന്നിധ്യം ലോകശ്രദ്ധയിലെത്തിച്ചതോടെയാണ് കിദൂർ കൂടുതൽ അറിയപ്പെട്ടത്. പിന്നീട് ആ വിവരങ്ങൾ അന്താരാഷ്ട്ര പക്ഷിനിരീക്ഷണ ശൃംഖലയായ ഇബേഡിൽ ഉൾപ്പെട്ടതോടെ കിദൂരിന്റെ പ്രാധാന്യം വർധിച്ചു.
ഈ സാധ്യത തിരിച്ചറിഞ്ഞ ജില്ലാ ഭരണകൂടം കിദൂരിനെ പക്ഷി ഗ്രാമമായി വികസിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പ്രവൃത്തികൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോയില്ല. ഒടുവിൽ ഡോർമിറ്ററി ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ പൂർത്തിയായതോടെയാണ് പദ്ധതി യാഥാർഥ്യത്തിലേക്ക് കടന്നത്.
പുതുതായി നിർമ്മിച്ച ഡോർമിറ്ററിയിൽ ഒരേസമയം 40 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ശൗചാലയം, അടുക്കള, ഓഫീസ്, മീറ്റിങ് ഹാൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കരാർ അടിസ്ഥാനത്തിൽ നടത്തുന്ന ഈ കേന്ദ്രം ഉടൻ പക്ഷിനിരീക്ഷകർക്കും ഗവേഷകർക്കും വിനോദസഞ്ചാരികൾക്കും തുറന്നുകൊടുക്കും.
ടൂറിസം വികസനത്തിനപ്പുറം പ്രകൃതി സംരക്ഷണത്തിനും പരിസ്ഥിതി വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന മാതൃകാ പദ്ധതിയായാണ് കിദൂർ പക്ഷി ഗ്രാമത്തെ അധികൃതർ കാണുന്നത്. പ്രകൃതിയെയും പക്ഷികളെയും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് കിദൂർ ഇനി കൂടുതൽ ആകർഷകമായ ലക്ഷ്യസ്ഥാനമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പ്രകൃതിസ്നേഹികളും.
What's Your Reaction?