കുടുംബശ്രീ-തദ്ദേശ സ്ഥാപന ഏകോപനം ശക്തമാക്കാൻ കാഞ്ഞങ്ങാട്ട് ശിൽപശാല
കാഞ്ഞങ്ങാട്: പുതിയ ജനപ്രതിനിധികളും ഭാരവാഹികളും ചുമതലയേറ്റ സാഹചര്യത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ സംവിധാനവും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷരും സിഡിഎസ് ചെയർപേഴ്സൺമാരും പങ്കെടുത്ത ജില്ലാതല ശിൽപശാല കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ശിൽപശാല ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന അമ്മ ടീച്ചർ, ശ്രീഭവനം, ആത്മഹത്യ പ്രതിരോധ ക്യാമ്പയിൻ തുടങ്ങിയ പദ്ധതികൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ശക്തമായ പിന്തുണ അനിവാര്യമാണെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് ശിൽപശാലയിൽ അഭിപ്രായപ്പെട്ടു.
കേരളത്തിൽ സ്ത്രീശാക്തീകരണത്തിനും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും വലിയ സംഭാവന നൽകിയ പ്രസ്ഥാനമാണ് കുടുംബശ്രീ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്താൽ മാത്രമേ ദാരിദ്ര്യ ലഘൂകരണവും വികസന ലക്ഷ്യങ്ങളും ഫലപ്രദമായി കൈവരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് സംയോജിത പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നത്. കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് അവബോധം നൽകുക എന്നതായിരുന്നു ശിൽപശാലയുടെ പ്രധാന ലക്ഷ്യം.
കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർമാരായ ഡോ. സി. സി. നിഷാദ്, എം. പ്രഭാകരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എം. മീന കുമാരി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ. എം. കിഷോർ കുമാർ നന്ദിയും പറഞ്ഞു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെയും കുടുംബശ്രീയിലെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ശിൽപശാലയിൽ സജീവമായി പങ്കെടുത്തു
What's Your Reaction?