കുമ്പള ടോൾ പ്ലാസ തിങ്കളാഴ്ച മുതൽ; പ്രക്ഷോഭത്തിന്ന് ഒരുങ്ങി ആക്ഷൻ കമ്മിറ്റി
കുമ്പള: ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസ തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കാനിരിക്കെ ആക്ഷൻ കമ്മിറ്റി രൂക്ഷമായ പ്രക്ഷോഭത്തിന്ന് തയ്യാറെടുപ്പ് ആരംഭിച്ചു. ഹൈക്കോടതിയിൽ നിലവിലുള്ള കേസ് തീർപ്പാക്കുന്നതിന് മുമ്പ് ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും, ജനപ്രതിനിധികളുമായ എ കെ എം അഷറഫ് എംഎൽഎ, വി പി അബ്ദുൽ ഖാദർ ഹാജി, അഷ്റഫ് കാർള, അസീസ് കളത്തൂർ വിവിധ പാർട്ടി ഭാരവാഹികളായ സുബൈർ, മഞ്ജുനാഥ ആൽവ, ലക്ഷണപ്രഭു, ബി എൻ മുഹമ്മദലി, എ കെ ആരിഫ്, ഹമീദ് കോയിപ്പാടി, അബ്ദുല്ലത്തീഫ് കുമ്പള എന്നിവർ മുന്നറിയിപ്പ് നൽകി. ടോൾ പ്രവർത്തനമാരംഭിക്കുന്ന വിവരമറിഞ്ഞ ഉടനെ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് ഓഫീസിൽ അടിയന്തര യോഗം ചേർന്നശേഷം ടോൾ പ്ലാസയിലെത്തി അധികൃതരുമായി വിവരങ്ങൾ ചർച്ച ചെയ്യുകയും പ്രക്ഷോഭ വിവരം അറിയിക്കുകയും ചെയ്തു. പൊതുജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും പ്രക്ഷോഭമെന്നും നേതാക്കൾ അറിയിച്ചു.
What's Your Reaction?