നഗ്ന ഫോട്ടോയെടുത്ത് ഭീഷണി; സൂത്രധാരൻ അറസ്റ്റിൽ
മഞ്ചേശ്വരം: ലോഡ്ജ് മുറിയിൽ താമസിച്ചിരുന്ന യുവതിയെയും ആൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. കുഞ്ചത്തൂർ സ്വദേശിയായ പി.എം അബൂബക്കറിനെ (40) മംഗളൂരുവിൽ നിന്നാണ് മഞ്ചേശ്വരം പോലീസ് പിടികൂടിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാൾ.
ഈ വർഷം ജനുവരിയിൽ ഹൊസങ്കടി ടൗണിലെ ഒരു ലോഡ്ജിൽ നടന്ന സംഭവത്തിലാണ് അറസ്റ്റ്. യുവതിയും സുഹൃത്തും ലോഡ്ജിലെ 206-ാം നമ്പർ മുറിയിൽ താമസിക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം മുറിയിലേക്ക് അതിക്രമിച്ച് കയറിയതെന്ന് പോലീസ് പറഞ്ഞു.
സംഘം ഇരുവരെയും ഭീഷണിപ്പെടുത്തി നഗ്നരാക്കി നിർത്തിയ ശേഷം മൊബൈൽ ഫോണിൽ ഫോട്ടോയും വീഡിയോയും പകർത്തിയെന്നാണ് പരാതി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് 5,000 രൂപയും മൊബൈൽ ഫോണും കൈക്കലാക്കിയ സംഘം പിന്നീട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തി.
കേസിലെ മറ്റ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന അബൂബക്കറിനെ മംഗളൂരുവിൽ നിന്ന് മഞ്ചേശ്വരം ഇൻസ്പെക്ടർ ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. എസ്ഐ വൈഷ്ണവ്, എ.എസ്.ഐ ഫിലിപ്പ് തോമസ്, സന്ദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
What's Your Reaction?