സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ ലഹരിക്കടത്തിൽ പിടിയിൽ

Jul 17, 2026 - 07:58
 0
സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ ലഹരിക്കടത്തിൽ പിടിയിൽ

കണ്ണൂർ: സൗദിയിലെ കൊലക്കേസിൽ 10 വർഷത്തോളം ജയിലിൽ കഴിഞ്ഞ് മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ ലഹരിമരുന്ന് കടത്ത് കേസിൽ ഇരിട്ടി പൊലീസിന്റെ പിടിയിലായി. കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശി ടി. ഫസലുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയ കേസിലെ മുഖ്യപ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. സൗദിയിൽ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന ഫസലുദ്ദീനെ മോചിപ്പിക്കാൻ സന്നദ്ധ സംഘടനകൾ 80 ലക്ഷം രൂപ മോചനദ്രവ്യം നൽകിയിരുന്നു.

ജയിൽ മോചിതനായി നാട്ടിലെത്തിയ ശേഷവും ലഹരി കടത്ത് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. നേരത്തെ ബംഗളൂരു ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന കാലത്താണ് ലഹരി മാഫിയാ സംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായതെന്നും, അതുവഴിയാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ലഹരിമരുന്ന് കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഫസലുദ്ദീനാണ് പ്രധാന വിതരണക്കാരനെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow