വീട്ടിൽ നിന്ന് കാണാതായ യുവതിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കുമ്പള: വീട്ടിൽ നിന്ന് കാണാതായ യുവതിയെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീതാംഗോളി എടനാട് ബാങ്കിന് സമീപം താമസിക്കുന്ന രാമകൃഷ്ണയുടെ ഭാര്യ എം. സുനിത (48)യെയാണ് കുമ്പള മുജങ്കാവ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന സുനിതയെ ഇന്ന് രാവിലെ ഭർത്താവ് അന്വേഷിച്ചപ്പോൾ വീട്ടിൽ കണ്ടെത്താനായില്ല. തുടർന്ന് പരിസര പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കുമ്പള പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് മുജങ്കാവ് ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് കുമ്പള എസ്.ഐ. കെ.പി. ഗണേശന്റെ നേതൃത്വത്തിൽ പോലീസും കാസർകോട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
ലീഡിങ് ഫയർമാൻ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുകു, പ്രസീദ്, ഫയർമാൻമാരായ മുഹമ്മദ് സിറാജ്, അമൽരാജ്, ശ്രീജിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സുനിതയും ഭർത്താവ് രാമകൃഷ്ണനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഏകമകൻ ധനുഷ് കുമാർ ബംഗളൂരുവിൽ ഐ.ടി. ജീവനക്കാരനാണ്. മരണത്തിന്റെ സാഹചര്യത്തെക്കുറിച്ച് കുമ്പള പോലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?