എൻമകജെയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പഠിക്കാൻ ജർമ്മൻ സംഘം
കാസർകോട്: എൻമകജെ പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ജർമ്മൻ സംഘം പഞ്ചായത്തിൽ സന്ദർശനം നടത്തി. ജർമ്മനിയിലെ ക്ലീൻ ഹബ് കമ്പനിയുടെ പ്രതിനിധികളായ സിനോ കാക്കുഷ്കെയും, ലിസ കോസ്റ്ററും നേതൃത്വം നൽകിയ സംഘമാണ് പഞ്ചായത്ത് ഓഫീസിലെത്തി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തിയത്. പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങളും മാലിന്യ സംസ്കരണ സംവിധാനങ്ങളും സംബന്ധിച്ച വിവരങ്ങൾ സംഘം ശേഖരിച്ചു. തുടർന്ന് ഹരിത കർമ്മ സേനയുടെ മാലിന്യ സംവരണ കേന്ദ്രത്തിലെത്തി മാലിന്യ തരംതിരിക്കൽ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. ഹരിത കർമ്മ സേനയുടെ പ്രവർത്തന രീതികളും വീടുതോറുമുള്ള മാലിന്യ ശേഖരണ സംവിധാനവും സംഘം വിശദമായി മനസ്സിലാക്കി. ഹരിത കർമ്മ സേന അംഗങ്ങളോടൊപ്പം വീടുകളിലെ മാലിന്യ ശേഖരണ പ്രവർത്തനങ്ങളിലും അവർ പങ്കാളികളായി. പഞ്ചായത്തിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം എത്തിക്കുന്ന അനന്തപുരം വ്യവസായ കേന്ദ്രത്തിലെ ഗ്രീൻ വേംസ് പ്ലാന്റും സംഘം സന്ദർശിച്ചു. പഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ സംസ്കരണ ഇടപെടലുകളെ സംഘം അഭിനന്ദിക്കുകയും ഭാവിയിൽ സഹകരണ സാധ്യതകൾ പരിശോധിക്കുമെന്നും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ, വൈസ് പ്രസിഡന്റ്, ഹെൽത്ത് ഇൻസ്പെക്ടർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
What's Your Reaction?