തിരഞ്ഞെടുപ്പ് പ്രഖ്യാപനം: കാസർകോട് ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കും

Mar 16, 2026 - 17:45
 0
തിരഞ്ഞെടുപ്പ് പ്രഖ്യാപനം: കാസർകോട് ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കും

കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതു-സ്വകാര്യ ഇടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

സർക്കാർ, പൊതുസ്ഥലങ്ങൾ, സ്വകാര്യ വസ്തുക്കൾ എന്നിവിടങ്ങളിലുള്ള അനധികൃത പരസ്യങ്ങൾ യഥാക്രമം 24, 48, 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടലംഘനങ്ങൾ കണ്ടെത്തി തടയുന്നതിനും തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനുമായി ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഫ്ലൈയിംഗ് സ്ക്വാഡുകളും ആന്റി-ഡിഫേസ്മെന്റ് സ്ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും വിന്യസിച്ചിട്ടുണ്ട്. കൂടാതെ അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർമാരെയും നിയോഗിക്കാനും വോട്ടർ ബോധവൽക്കരണത്തിനായി സ്വീപ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

ഹരിതചട്ടം പാലിച്ച് പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മാതൃക സൃഷ്ടിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. യോഗത്തിൽ എ.ഡി.എം കെ.വി. ശ്രുതി, വിവിധ വകുപ്പുകളുടെ ഭരണാധികാരികൾ, നോഡൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow