11 വർഷം മുമ്പ് നഷ്ടമായ താലിമാല മഴപ്പൊലിമയിൽ തിരിച്ചുകിട്ടി; മടിക്കൈയിൽ മഴ ഉത്സവത്തിന് നാടൊന്നായി
മടിക്കൈ: പതിനൊന്ന് വർഷം മുമ്പ് വയലിൽ ജോലി ചെയ്യുന്നതിനിടെ നഷ്ടമായ സ്വർണ്ണ താലിമാല മഴപ്പൊലിമയുടെ ഭാഗമായി നടത്തിയ നടീൽ ഉത്സവത്തിനിടെ തിരിച്ചുകിട്ടിയത് മടിക്കൈയിൽ കൗതുകമായി. കക്കാട് സ്വദേശിനി നളിനിയുടെ താലിമാലയാണ് മഴ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ അടുക്കത്ത് പറമ്പിലെ ഇന്ദിരയ്ക്ക് വയലിൽ നിന്ന് ലഭിച്ചത്. ചടങ്ങിൽവെച്ച് ഇന്ദിര താലിമാല നളിനിക്ക് കൈമാറി.
മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വയലോർമ' കാർഷിക പുനരാവിഷ്കരണ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ 12-ാം വാർഡിലെ കൂലോത്തുംമഠം വടക്കേ കണ്ടത്തിൽ നടന്ന മഴ ഉത്സവത്തിൽ രണ്ടായിരത്തിലധികം പേർ പങ്കെടുത്തു. കുട്ടികൾ മുതൽ വയോജനങ്ങൾ വരെയുള്ള നാട്ടുകാർ വയലിലിറങ്ങി ഉത്സവത്തെ ജനകീയമാക്കി.
കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പി.വി. ജ്യോതി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷൻമാരായ എ. രാജൻ, പി. കുഞ്ഞികൃഷ്ണൻ, പി.വി. പത്മിനി, പഞ്ചായത്ത് സെക്രട്ടറി ബാബു അപ്പിയാൽ, പൊതുപ്രവർത്തകൻ കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ. ഭാസ്കരൻ സ്വാഗതവും സി.ഡി.എസ്. ചെയർപേഴ്സൺ കെ.ബി. സീന നന്ദിയും രേഖപ്പെടുത്തി.
പ്രദേശവാസികളുടെ കൂട്ടായ്മയിൽ ഒരുക്കിയ ഭക്ഷണ വിതരണവും നാടൻപാട്ടും പരിപാടിക്ക് മാറ്റുകൂട്ടി. രാവിലെ കുട്ടികളുടെയും മുതിർന്നവരുടെയും കൂട്ടായ്മയിൽ നടത്തിയ നടീൽ ഉത്സവത്തോടെയാണ് മഴപ്പൊലിമയ്ക്ക് തുടക്കമായത്. തുടർന്ന് ഓട്ടം, കമ്പവലി, താറാവ് പിടുത്തം തുടങ്ങി വിവിധ വയൽ മത്സരങ്ങളും അരങ്ങേറി.
What's Your Reaction?