കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഹാരിസ് മുട്ടുന്തലയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ അന്തരിച്ച അജാനൂർ കൊളവയൽ മുട്ടുന്തല സ്വദേശിയായ ഹാരിസി(49)ന്റെ മൃതദേഹം ഇന്ന് രാത്രി ഏഴുമണിക്കുള്ള കുവൈറ്റ് എയർവേയ്സിന്റെ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് റോഡ് മാർഗം നാളെ ഉച്ചയോടെ വീട്ടിലെത്തിക്കും. തുടർന്ന് പൊതുദർശനത്തിന് വെച്ചശേഷം മുട്ടുന്തല ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.
കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്ന ഹാരിസിന് ഞായറാഴ്ച രാവിലെ ജോലിസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറുമാസം മുമ്പ് നാട്ടിലെത്തി തിരികെ കുവൈറ്റിലേക്ക് പോയ ഹാരിസിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും സുഹൃത്തുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. സാമൂഹിക, സാംസ്കാരിക, കാരുണ്യ പ്രവർത്തനരംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഹാരിസ് കുവൈറ്റ് കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റും, കുവൈത്ത് സാധു സംരക്ഷണ കമ്മിറ്റി അംഗവുമായിരുന്നു.
പിതാവ്: അബ്ദുള്ള. മാതാവ്: ആസ്യ. സഹോദരിമാർ: മിസിരിയ, സമീറ. ഭാര്യ: ജസീല മറിയം (ബേക്കൽ). മക്കൾ: അൻഫ, ഹാഷിർ, ഹയാൻ, ഹസീം.
What's Your Reaction?