23 വർഷത്തെ ജനസേവനത്തിന് വിരാമം; കാലിച്ചാനടുക്കം ജനകീയ ബസ് ഇനി ഓർമ്മയിലേക്ക്
ബസ് ലേലത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുന്നതിനൊപ്പം കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഓപ്പൺ മാർക്കറ്റ്, ജനകീയ ആംബുലൻസ് സർവീസ്, മൊബൈൽ ഫ്രീസർ സംവിധാനം തുടങ്ങിയ പദ്ധതികൾ ആരംഭിക്കാനാണ് ആലോചന
കാലിച്ചാനടുക്കം: ഒരു നാടിന്റെ യാത്രാദുരിതങ്ങൾക്ക് പരിഹാരമായി ജനിച്ച സേവനം. തലമുറകളുടെ ഓർമ്മകളിൽ ഇടം നേടിയ യാത്രാസുഹൃത്ത്. രണ്ട് പതിറ്റാണ്ടിലേറെ കാലം ജനങ്ങളുടെ വിശ്വാസമായി ഓടിയ കാലിച്ചാനടുക്കം ജനകീയ ബസ് ഇനി കളം വിടുകയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ കാലം സർവീസ് നടത്തിയ ജനകീയ ബസ് എന്ന വിശേഷണത്തോടെയാണ് ഈ യാത്ര അവസാനിക്കുന്നത്.
23 വർഷമായി നാട്ടുകാരുടെ ആശ്രയമായിരുന്ന ജനകീയ ബസും അതിന്റെ പെർമിറ്റും നാളെ വൈകിട്ട് നാല് മണിക്ക് കാലിച്ചാനടുക്കം ബസ് സ്റ്റാൻഡ് ഹാളിൽ ലേലം ചെയ്യുമെന്ന് ജനകീയ വികസന സമിതി അറിയിച്ചു. ലേലത്തിൽ ബസ് ഏറ്റെടുക്കുന്ന വ്യക്തിക്ക് ഇതേ റൂട്ടിൽ സർവീസ് തുടരാനും അവസരമുണ്ടാകും.
ഇന്ന് ബസ് സർവീസുകൾ സുലഭമായ കാലത്ത് ഈ തീരുമാനം സ്വാഭാവികമെന്നു തോന്നാമെങ്കിലും, ജനകീയ ബസിന്റെ ജനനം ഒരു കാലഘട്ടത്തിന്റെ ആവശ്യത്തിൽ നിന്നായിരുന്നു. പ്രദേശത്ത് ബസ് സൗകര്യങ്ങൾ അപര്യാപ്തമായിരുന്ന സമയത്ത്, യാത്രയ്ക്ക് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന നാട്ടുകാർ തന്നെ ഒന്നിച്ച് നിന്നാണ് ജനകീയ വികസന സമിതി രൂപീകരിച്ചത്. തുടർന്ന് സ്വന്തം ബസ് വാങ്ങി സർവീസ് ആരംഭിച്ചു. അന്ന് വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും യാത്ര ജീവിതത്തിന്റെ ഭാഗമാക്കിയ ബസായിരുന്നു ഇത്.
കാലം മാറി. സ്വകാര്യ വാഹനങ്ങൾ വർധിച്ചു. കൂടുതൽ ബസ് സർവീസുകളും നിലവിൽ വന്നു. പഴയ യാത്രാദുരിതങ്ങൾക്ക് പരിഹാരമായെങ്കിലും, ജനകീയ ബസിന്റെ യാത്ര അവസാനിച്ചില്ല. ഇന്നും ലാഭകരമായി തന്നെ സർവീസ് തുടരുന്ന ബസാണിതെന്ന് സമിതി ഭാരവാഹികൾ പറയുന്നു.
എന്നാൽ ഗതാഗത മേഖലയ്ക്ക് പുറത്തേക്ക് സമൂഹപ്രയോജനമുള്ള പുതിയ സംരംഭങ്ങളിലേക്ക് കടക്കാനാണ് സമിതിയുടെ പുതിയ തീരുമാനം. ബസ് ലേലത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുന്നതിനൊപ്പം കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഓപ്പൺ മാർക്കറ്റ്, ജനകീയ ആംബുലൻസ് സർവീസ്, മൊബൈൽ ഫ്രീസർ സംവിധാനം തുടങ്ങിയ പദ്ധതികൾ ആരംഭിക്കാനാണ് ആലോചന.
2003-ലാണ് ജനകീയ വികസന സമിതിയുടെ കീഴിൽ ബസ് സർവീസ് ആരംഭിച്ചത്. നിലവിൽ ഓടുന്ന ബസ് 2011-ലാണ് വാങ്ങിയത്. പുതിയ ബസ് വാങ്ങിയതുമായി ബന്ധപ്പെട്ട വായ്പ മൂന്നര വർഷം കൊണ്ടുതന്നെ അടച്ചുതീർക്കാൻ സമിതിക്ക് കഴിഞ്ഞിരുന്നു. ഉപയോഗകാലാവധി പരിഗണിക്കുമ്പോൾ ലേലം വിളിച്ചെടുക്കുന്ന വ്യക്തിക്ക് ഇതേ ബസ് ഉപയോഗിച്ച് ഏതാനും വർഷങ്ങൾ കൂടി സർവീസ് നടത്താൻ കഴിയും. അതല്ലെങ്കിൽ ആധുനിക സൗകര്യങ്ങളുള്ള പുതിയ ബസ് വാങ്ങി ഇതേ റൂട്ടിൽ സർവീസ് തുടരാനും അവസരമുണ്ട്.
പുതിയ റൂട്ടുകൾ അനുവദിക്കുന്നത് കുറഞ്ഞ സാഹചര്യത്തിൽ, വർഷങ്ങളായി ലാഭകരമായി ഓടുന്ന ഈ റൂട്ട് സ്വന്തമാക്കാൻ ജില്ലയ്ക്കകത്തും പുറത്തുമുള്ള ബസ് ഉടമകൾ ലേലത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സമിതി.
ഒരു ബസിന്റെ സർവീസ് അവസാനിക്കുന്നതിലുപരി, ഒരു നാടിന്റെ കൂട്ടായ്മയുടെ കഥയാണ് കാലിച്ചാനടുക്കം ജനകീയ ബസ് പറയുന്നത്. യാത്രകൾ അവസാനിച്ചാലും, അതുമായി ചേർന്ന ഓർമ്മകൾ കാലിച്ചാനടുക്കത്തിന്റെ വഴികളിൽ ഏറെക്കാലം തുടരും.
What's Your Reaction?