ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; രണ്ടുപേർക്കെതിരെ കേസ്
ഇരിയ സ്വദേശിയായ ബഷീർ, പള്ളിക്കര സ്വദേശിയായ ആഷിഖ് എന്നിവർക്കെതിരെയാണ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്
അമ്പലത്തറ: കർണാടക സ്വദേശിനിയായ 30കാരിയെ ജോലി വാഗ്ദാനം ചെയ്ത് അമ്പലത്തറയിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
ഇരിയ സ്വദേശിയായ ബഷീർ, പള്ളിക്കര സ്വദേശിയായ ആഷിഖ് എന്നിവർക്കെതിരെയാണ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്.
ജനുവരി, മാർച്ച് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. യുവതിക്ക് ജോലി നൽകാമെന്ന് മാതാവിനോട് പറഞ്ഞ് യുവതിയെ അമ്പലത്തറയിലെത്തിക്കുകയായിരുന്നുവത്രെ. തുടർന്ന് ഒരു വീട്ടിൽ താമസിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി.
പിന്നീട് വീട്ടുജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ പള്ളിക്കര സ്വദേശിക്ക് കൈമാറിയതായും പരാതിയിലുണ്ട്. അവിടെയും പീഡനത്തിനിരയായതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പ്രതികളെ കണ്ടെത്തുന്നതിനായി അമ്പലത്തറ പൊലീസ് അന്വേഷണം ഊർജിതമാക്കി.
What's Your Reaction?