പെരിയാട്ടടുക്കം നിയന്ത്രണം വിട്ട കാർ ബസ് കാത്തുനിന്നവരിലേക്ക് പാഞ്ഞുകയറി; യുവാവ് മരിച്ചു
ബേക്കൽ: പൊയിനാച്ചി ബട്ടത്തൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച ശേഷം റോഡരികിൽ ബസ് കാത്തുനിന്നവരിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ ബട്ടത്തൂർ പൂവൻച്ചാൽ ഹൗസിലെ കെ. കമലാക്ഷയുടെ മകൻ കെ. വൈശാഖ് (22) മരിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കാസർകോട്ടുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം ബസ് കാത്തുനിന്നവരിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ബസ് കാത്തുനിന്നവർക്കും കാറിലുണ്ടായിരുന്ന യാത്രികർക്കും പരിക്കേറ്റു.
പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.
കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് മറ്റൊരു അപകടം നടന്നിരുന്നു. തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രദേശത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
What's Your Reaction?