ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം; കാസർകോട് സ്വദേശിനിയായ യൂട്യൂബർക്കെതിരെ കേസ്
തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ കാസർകോട് സ്വദേശിനിയും യൂട്യൂബറുമായ എസ്. ആർ. ധന്യക്കെതിരെ പോലീസ് കേസെടുത്തു. ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിലാണ് ധന്യ സാമൂഹിക മാധ്യമങ്ങളിൽ അറിയപ്പെടുന്നത്.
ദീപ്തി കല്യാണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ആറ് വകുപ്പുകളാണ് ധന്യക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളും കേസിലുണ്ട്.
ദീപ്തി കല്യാണിക്കെതിരെ വീഡിയോയിലൂടെ അതിരൂക്ഷമായ പരാമർശങ്ങളാണ് ധന്യ നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ദീപ്തിയും സുഹൃത്തും ചേർന്ന് പുതുതലമുറയെ വഴിതെറ്റിക്കുകയാണെന്ന തരത്തിലുള്ള ആരോപണങ്ങളും വീഡിയോയിൽ ഉന്നയിച്ചതായി പരാതിയിൽ പറയുന്നു.
തന്റെ വ്യക്തിജീവിതത്തെയും കുടുംബത്തെയും കുറിച്ച് അനാവശ്യവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ദീപ്തി കല്യാണിയുടെ ആരോപണം. തുടർന്ന് അവർ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
നേരത്തെ കാസർകോട് ദേശീയപാതയിലൂടെ മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സംഭവത്തിലും ധന്യ വാർത്തകളിൽ ഇടം നേടിയിരുന്നു. ആ സംഭവത്തിൽ ധന്യയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.
What's Your Reaction?