പ്രതികളുടെ ബന്ധുക്കളോട് അപമര്യാദ; മൊബൈല്‍ പിടിച്ചുവാങ്ങി നശിപ്പിച്ചെന്ന പരാതി: കാസര്‍കോട് ടൗണ്‍ എസ്‌ഐ യ്ക്ക് സസ്‌പെന്‍ഷൻ
കാസർകോട്: സ്റ്റേഷനിൽ പ്രതികളെ കാണാനെത്തിയ ബന്ധുക്കളോട് അപമര്യാദയായി പെരുമാറുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ എസ്‌ഐ സൈഫുദ്ദീനെ അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കണ്ണൂർ ഡിഐജി കെ. കാർത്തിക്കാണ് നടപടി സ്വീകരിച്ചത്.
എസ്‌ഐയുടെ പെരുമാറ്റം പൊതുജനങ്ങളിൽ പൊലീസിന് അവമതിപ്പുണ്ടാക്കുന്നതാണെന്നും സേനാംഗത്തിന് നിരക്കാത്ത ഗുരുതര പ്രവൃത്തിയിലൂടെ പൊലീസ് സേനയ്ക്ക് കളങ്കമേൽപ്പിച്ചെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നർക്കോട്ടിക് സെൽ ഡിവൈഎസ്‌പിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഈ മാസം 23നാണ് സംഭവമുണ്ടായത്. ഉജീർകരയിൽ രണ്ട് പേരെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. വിവരമറിഞ്ഞ് പ്രതികളുടെ മാതാപിതാക്കളും ഭാര്യ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും സ്റ്റേഷനിലെത്തി പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് പൊലീസും ബന്ധുക്കളും തമ്മിൽ തർക്കമുണ്ടായതായാണ് വിവരം. ബന്ധുക്കളോട് പുറത്തുപോകാൻ പൊലീസ് ആവശ്യപ്പെടുകയും വനിതാ പൊലീസിന്റെ സഹായത്തോടെ പ്രതികളിലൊരാളുടെ മാതാവിനെയും ഭാര്യയെയും സ്റ്റേഷന് പുറത്താക്കുകയും ചെയ്തു.
ഈ സംഭവം ഒരു സ്ത്രീ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിനിടെ എസ്‌ഐ സൈഫുദ്ദീൻ ഫോൺ ബലമായി പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഇവരോട് മോശമായി സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയുണ്ട്.
പരാതിയെ തുടർന്ന് ജില്ലാ പൊലീസ് ചീഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഡിഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐക്കെതിരെ അന്വേഷണവിധേയമായ സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.
What's Your Reaction?