ചന്തേര എം.ഡി.എം.എ കേസ്; വേരുകൾ തേടി അന്വേഷണസംഘം

അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ മുഖ്യകണ്ണികൾ പിടിയിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Sep 3, 2026 - 10:12
 0
ചന്തേര എം.ഡി.എം.എ കേസ്; വേരുകൾ തേടി അന്വേഷണസംഘം

കാഞ്ഞങ്ങാട്: 139.29 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിന്റെ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ച് അന്തർസംസ്ഥാന ലഹരി ശൃംഖലയുടെ വേരുകൾ തേടി പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യകണ്ണികളിലേക്ക് അന്വേഷണം എത്തിച്ചേരുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ ഇൻഡോറിൽ നിന്ന് സാഹസികമായി പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

ഓഗസ്റ്റ് ഒമ്പതിന് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 139.29 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ എഫ്.ഐ.ആർ നമ്പർ 442/26 പ്രകാരം എൻ.ഡി.പി.എസ് ആക്ട് 22(സി) വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ വ്യാപ്തിയും അന്തർസംസ്ഥാന ബന്ധങ്ങളും പരിഗണിച്ച് ജില്ലാ പൊലീസ് മേധാവി നിധിൻ രാജിന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം. വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ 17 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യപ്രതികളിൽ ഒരാളായ ഉത്തർപ്രദേശ് സ്വദേശി വിഷ്ണു കുമാറിനെ (26) അന്വേഷണസംഘം മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് പിടികൂടി. ഈ അറസ്റ്റ് കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ നിർണായക വിവരങ്ങളിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചിരിക്കുകയാണ്.

കേസിലെ അന്തർസംസ്ഥാന ലഹരി ശൃംഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശിയായ കെ. മുഹമ്മദ് സാബിറിനെ (33) ഓഗസ്റ്റ് 19ന് അമ്പലത്തറയിൽ നിന്ന് അന്വേഷണസംഘം പിടികൂടിയിരുന്നു. തുടർന്ന് അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ പ്രധാന ഇടനിലക്കാരിയെന്ന് പൊലീസ് കരുതുന്ന ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനിയും നിലവിൽ പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽ താമസക്കാരിയുമായ റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) കഴിഞ്ഞ ദിവസം പിടിയിലായത്. സാത്തി ഷേഖിന്റെ കൂട്ടാളിയാണ് ഇപ്പോൾ അറസ്റ്റിലായ വിഷ്ണു കുമാർ.

സാത്തി ഷേഖ് പിടിയിലായതോടെ വിഷ്ണു കുമാർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. എന്നാൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങളും വിവരണങ്ങളും ശേഖരിച്ച് ഹോസ്ദുർഗ് സബ് ഇൻസ്‌പെക്ടർ നീതു തച്ചഞ്ചേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ നീക്കത്തിലാണ് ഒടുവിൽ ഇൻഡോർ ബെടമ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

ഇതിനിടെ കേരളത്തിലെ എം.ഡി.എം.എ ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് അന്വേഷണസംഘം സംശയിക്കുന്ന ഘാന സ്വദേശി വിക്ടർ ദസാബയെയും കൊല്ലത്ത് നിന്ന് പിടികൂടിയിരുന്നു. ഇതോടെ ചന്തേരയിൽ നിന്ന് ആരംഭിച്ച അന്വേഷണത്തിന്റെ വ്യാപ്തി വിവിധ സംസ്ഥാനങ്ങളിലേക്കും രാജ്യാന്തര ബന്ധങ്ങളിലേക്കും നീളുന്നതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

കേസിന്റെ ആദ്യഘട്ടത്തിൽ അറസ്റ്റിലായവരിൽ അബ്ദുൽ സലാം പി.എ. (27), മുഹമ്മദ് ഹുസൈൻ കെ.എച്ച്. (28), അബ്ബാസ് പി.എ. (50), സൈനുലാബിദീൻ ഇ.എസ്. (42), മുഹമ്മദ് സാബിർ കെ. (33) എന്നിവരും ഉൾപ്പെടുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പുതിയ അറസ്റ്റുകളോടെ ലഹരി കടത്തിന്റെ പ്രധാന കണ്ണികളിലേക്ക് അന്വേഷണസംഘം എത്തിച്ചേർന്നിരിക്കുകയാണ്. കേസുമായി ബന്ധമുള്ള കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള നടപടികൾ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം ശക്തമാക്കി.

വിഷ്ണു കുമാറിനെ പിടികൂടിയ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ നീതു തച്ചഞ്ചേരിക്ക് പുറമെ പൊലീസ് ഉദ്യോഗസ്ഥരായ എ. സനീഷ്, കുമാർ, കെ.ടി. അനിൽ, ജ്യോതിഷ്, ജയേഷ് എന്നിവരും ഉൾപ്പെട്ടിരുന്നു.

ചന്തേരയിൽ പിടികൂടിയ 139.29 ഗ്രാം എം.ഡി.എം.എയിൽ നിന്ന് ആരംഭിച്ച അന്വേഷണം ഇപ്പോൾ അന്തർസംസ്ഥാന ലഹരി മാഫിയയുടെ വേരുകളിലേക്ക് എത്തുമ്പോൾ, വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളും നിർണായക വെളിപ്പെടുത്തലുകളും ഉണ്ടായേക്കുമെന്ന സൂചനയാണ് അന്വേഷണസംഘം നൽകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow