പരശുറാം എക്സ്പ്രസിൽ വിദ്യാർത്ഥിയുടെ ലാപ്ടോപ്പ് ബാഗ് മോഷണം; പ്രതി അറസ്റ്റിൽ
കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിയുടെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് കവർന്ന കേസിൽ പ്രതിയെ കാസർകോട് റെയിൽവേ പോലീസും ആർപിഎഫും ചേർന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം കുണിയേരി കാവുംപുറം സ്വദേശിയായ മുഹമ്മദ് ജാബിർ (30) ആണ് അറസ്റ്റിലായത്.
പാലക്കാട് പട്ടാമ്പി സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയുമായ ടി.പി. വിഷ്ണുദത്തിന്റെ ലാപ്ടോപ്പ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ആഗസ്റ്റ് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗളൂരുവിലേക്കുള്ള പരശുറാം എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്ണുദത്ത്, ട്രെയിൻ കാസർകോട് എത്തിയപ്പോഴാണ് ലാപ്ടോപ്പ് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് കാസർകോട് റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു.
എസ്.ഐ. സനിൽകുമാർ, എ.എസ്.ഐ. സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ആർപിഎഫ് ഉദ്യോഗസ്ഥരായ കെ.എം. ഷൈജു, ബൈജു, വിജേഷ്, ശ്രീനാഥ്, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?