139.29 ഗ്രാം എംഡിഎംഎ കേസ്; ഘാന സ്വദേശിയടക്കം രണ്ടുപേർ കൂടി പിടിയിൽ, അറസ്റ്റിലായവർ ഏഴായി
ചന്തേര: 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയുമായി നേരിട്ട് ബന്ധമുള്ള രണ്ടുപേരെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേരളത്തിലെ ലഹരി ശൃംഖലയുടെ പ്രധാന കണ്ണിയെന്ന് അന്വേഷണസംഘം കണ്ടെത്തിയ ഘാന സ്വദേശി വിക്ടർ ദസാബ, വെസ്റ്റ് ബംഗാളിലെ ഹൗറ ജില്ലയിൽ നരേന്ദ്ര പുട് സ്വദേശിനിയായ റിയാ ഖാൻ എന്ന സാത്തി ഷേയ്ഖ് (31) എന്നിവരാണ് പിടിയിലായത്.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും അന്വേഷണസംഘം സാഹസികമായി പിടികൂടുകയായിരുന്നു. ഇതോടെ ചന്തേര ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കേസിൽ ഇതിനു മുമ്പ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത് അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശിയായ കെ. മുഹമ്മദ് സാബിറിനെ (33) ആയിരുന്നു. ഓഗസ്റ്റ് 19ന് അമ്പലത്തറയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഓഗസ്റ്റ് ഒമ്പതിന് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ എഫ്.ഐ.ആർ നമ്പർ 442/26 പ്രകാരം എൻഡിപിഎസ് ആക്ടിലെ 22(സി) വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിന്റെ തുടരന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവി നിധിൻ രാജിന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ 17 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
മയക്കുമരുന്ന് ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ പേരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതിനുള്ള നടപടികൾ പ്രത്യേക അന്വേഷണസംഘം ആസൂത്രണം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
മുമ്പ് അറസ്റ്റിലായവർ: അബ്ദുൽ സലാം പി.എ. (27), വെസ്റ്റ് വെങ്ങോള, പൂമല, എറണാകുളം, മുഹമ്മദ് ഹുസൈൻ കെ.എച്ച്. (28), പൂമല, എറണാകുളം. അബ്ബാസ് പി.എ. (50), പൂമല ക്രഷർ, എറണാകുളം. സൈനുലാബിദീൻ ഇ.എസ്. (42), ഏലഞ്ചിക്കൽ ഹൗസ്, വലിയകുളം, പെരുമ്പാവൂർ.മുഹമ്മദ് സാബിർ കെ. (33), പാറപ്പള്ളി, ബേളൂർ
What's Your Reaction?