കാഞ്ഞങ്ങാടോണത്തിന് ആവേശത്തുടക്കം; കായിക-കലാമത്സരങ്ങളിൽ നിറഞ്ഞ പങ്കാളിത്തം

Aug 22, 2026 - 10:49
 0
കാഞ്ഞങ്ങാടോണത്തിന് ആവേശത്തുടക്കം; കായിക-കലാമത്സരങ്ങളിൽ നിറഞ്ഞ പങ്കാളിത്തം

കാഞ്ഞങ്ങാട്: മുഴുവൻ ജനങ്ങളെയും ചേർത്തുനിർത്തി കാഞ്ഞങ്ങാട് നഗരസഭയുടെ 2026ലെ ഓണാഘോഷം ‘കാഞ്ഞങ്ങാടോണം’ എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷത്തിന്റെ രണ്ടാം ദിവസത്തെ ഉദ്ഘാടനച്ചടങ്ങും കായിക-കലാ മത്സരങ്ങളും ശ്രദ്ധേയമായി.

കാഞ്ഞങ്ങാട് നഗരസഭാ ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ലത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി. സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, സി. വിജയൻ എന്നിവർ സംസാരിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷൻ എം.പി. ജാഫർ സ്വാഗതവും നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ് നന്ദിയും പറഞ്ഞു.

നഗരസഭാ കൗൺസിലർമാർ, ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, കാർഷിക-ഹരിത കർമസേന പ്രവർത്തകർ, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങി നിരവധി പേർ ഓണാഘോഷത്തിൽ പങ്കെടുത്തു.

കമ്പവലി, കസേരകളി, ഇഷ്ടികപിടുത്തം തുടങ്ങിയ വിവിധ കായിക മത്സരങ്ങൾ ആവേശകരമായി. തിരുവാതിര, ഗാനാലാപനം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

മൂന്ന് ദിവസത്തെ ഓണാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി വാർഡ് തല പൂക്കളമത്സരവും കരുതലിന്റെ ഭാഗമായി കാരുണ്യ പ്രവർത്തനവും ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow