മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ദുബായ്: ഇന്നലെ ദുബായിൽ അന്തരിച്ച മാപ്പിളപ്പാട്ട് ഗായകരിൽ ശ്രദ്ധേയനായ നിസാർ വയനാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ദുബായ് ആസ്റ്റർ ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രാത്രി മൂന്നുമണിയോടെ സോനാപൂരിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മയ്യിത്ത് നമസ്കാരം നടന്നു.
ഷാർജയിൽ നിന്ന് ഇന്ന് രാവിലെ 11 മണിക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം കണ്ണൂരിലെത്തിക്കും. തുടർന്ന് വയനാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകും.
പനിയെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ ദുബായ് മൻഖൂൽ ആശുപത്രിയിൽ എത്തിച്ച നിസാറിന്റെ മരണം വൈകുന്നേരത്തോടെയായിരുന്നു. കൽപ്പറ്റ ഇറോത്ത്, കളക്കാട് സ്വദേശിയാണ്. സംഗീത പരിപാടിക്കായി കഴിഞ്ഞ മാസമാണ് ദുബായിലെത്തിയത്.
നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെയും ഗാനമേള വേദികളിലൂടെയും സംഗീതാസ്വാദകരുടെ പ്രിയങ്കരനായിരുന്നു നിസാർ. ഹിന്ദി ഗാനങ്ങൾ ആലപിച്ചാണ് ഗാനരംഗത്തേക്ക് കടന്നുവന്നത്. ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ ശബ്ദത്തോടുള്ള സാദൃശ്യം ഗാനമേളകളിൽ നിസാറിന് വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു. ബഹ്റൈനിൽ ഉദിത് നാരായണനോടൊപ്പം വേദി പങ്കിടാനും നിസാറിന് സാധിച്ചിരുന്നു.
പിതാവ്: ഇബ്രായി ഇറോത്ത്. മാതാവ്: സൈനബ. ഭാര്യ: ഷഹാന. മക്കൾ: സിംബ്രീന, അംബ്രീന. സഹോദരങ്ങൾ: ബുഷ്റ, നസീറ, അൻസാർ.
What's Your Reaction?