കുന്നംകുളം ആർത്താറ്റിൽ കാർ ബൈക്കിലിടിച്ച് മൂന്ന് മരണം; മരിച്ചവരിൽ മൂന്ന് വയസ്സുകാരനും
തൃശൂർ: കുന്നംകുളം ആർത്താറ്റിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തൃശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്‌ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.40ഓടെയായിരുന്നു അപകടം.
കുന്നംകുളത്തുനിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മുനീറും കുടുംബവും റോഡരികിൽ ബൈക്ക് നിർത്തി മൊബൈലിൽ സംസാരിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കാർ സമീപത്തെ വൈദ്യുത പോസ്റ്റിലും ഇടിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ എട്ട് കോളേജ് വിദ്യാർഥികൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂരിൽ വീണ്ടും മറ്റൊരു ദാരുണ വാഹനാപകടം റിപ്പോർട്ട് ചെയ്യുന്നത്.
What's Your Reaction?