മഞ്ചേശ്വരത്ത് കോഴിയങ്ക കേന്ദ്രത്തിൽ പോലീസ് റെയ്ഡ്; അഞ്ചുപേർ പിടിയിൽ
മഞ്ചേശ്വരം: കടമ്പാർ മജിബായലിലെ കുമ്പേത്തൽ കൊറഗഞ്ജ ദേവസ്ഥാനത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ പ്രവർത്തിച്ചിരുന്ന കോഴിയങ്ക കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ചുപേർ അറസ്റ്റിലായി. സ്ഥലത്ത് നിന്നും മൂന്ന് കോഴികളും 43,030 രൂപയും പോലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായവർ ദക്ഷിണ കന്നട പുത്തൂർ ബജത്തൂരിലെ ലിംഗപ്പ ഗൗഡ (70), മജീബയലിലെ സുരേഷ് ഷെട്ടി (32), ദക്ഷിണ കന്നട കദ്രി ബജെ കാപ്പിക്കാട്ടെ ജയരാജ് (38), ബേക്കൽ ചിത്താരി ചാമുണ്ഡിക്കുന്നിലെ ശ്രീഹരി (26), ദക്ഷിണ കന്നട പുത്തൂർ നെക്കിലാടിയിലെ ജോസി മനോജ് ലോ ബോ (50) എന്നിവരാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45ഓടെയാണ് സംഭവം. പ്രദേശത്ത് അനധികൃതമായി കോഴിയങ്കം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് മഞ്ചേശ്വരം എസ്.ഐ ശബരി കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. റെയ്ഡിനിടെ കോഴിയങ്കത്തിനായി ഉപയോഗിച്ച മൂന്ന് കോഴികളെയും പണവും പിടിച്ചെടുക്കുകയും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?