മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബായിൽ അന്തരിച്ചു
ദുബായ്: മാപ്പിളപ്പാട്ട് ഗായകരിൽ ശ്രദ്ധേയനായ നിസാർ വയനാട് ദുബായിൽ അന്തരിച്ചു. പനിയെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ ദുബായ് മൻഖൂൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. കൽപ്പറ്റ ഇറോത്ത്, കളക്കാട് സ്വദേശിയാണ്.
സംഗീത പരിപാടിക്കായി കഴിഞ്ഞ മാസമാണ് ദുബായിൽ എത്തിയത്. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെയും ഗാനമേള വേദികളിലൂടെയും സംഗീതാസ്വാദകരുടെ പ്രിയങ്കരനായ നിസാർ വേദികളിൽ ഹിന്ദി ഗാനങ്ങൾ ആലപിച്ചാണ് ഗാനരംഗത്തേക്ക് കടന്നുവന്നത്.
ബോളിവുഡ് ഗായകനായ ഉദിത് നാരായണന്റെ ശബ്ദത്തോടുള്ള സാദൃശ്യം ഗാനമേളകളിൽ ഇദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു ബഹ്റൈനിൽ വച്ച് ഉദിത് നാരായണനോടൊപ്പം വേദി പങ്കിടാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു.
പിതാവ് : ഇബ്രായി ഇറോത്ത്. മാതാവ്: സൈനബ. ഭാര്യ: ഷഹാന. മക്കൾ: സിംബ്രീന, അംബ്രീന. സഹോദരങ്ങൾ: ബുഷ്റ, നസീറ, അൻസാർ. ദുബായ് ആസ്റ്റർ ആശുപത്രിയിലുള്ള മൃതേദേഹം നടപടിക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
What's Your Reaction?