തെരുവുനായ്ക്കളുടെ ദയാവധം: വിശദമായ മാർഗരേഖയുമായി സർക്കാർ
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ദയാവധം സംബന്ധിച്ച് സർക്കാർ വിശദമായ മാർഗരേഖ പുറത്തിറക്കി. നാല് വിഭാഗത്തിൽപ്പെടുന്ന നായ്ക്കളെ മാത്രമാണ് ദയാവധത്തിന് പരിഗണിക്കേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ചികിത്സിച്ചിട്ടും ഭേദമാകാത്ത രോഗമുള്ള നായ്ക്കൾ, ഗുരുതരമായി പരിക്കേറ്റവ, പേവിഷബാധയുള്ളവ, അക്രമകാരികളായ നായ്ക്കൾ എന്നിവയാണ് ദയാവധത്തിന് പരിഗണിക്കേണ്ട നാല് വിഭാഗങ്ങൾ.
ദയാവധം നടപ്പാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം തദ്ദേശതലത്തിൽ രൂപീകരിക്കുന്ന സ്ട്രേ ഡോഗ് മാനേജ്മെന്റ് കമ്മിറ്റിക്കാണ്. വെറ്ററിനറി സർജൻ മാത്രമേ ദയാവധം നടത്താവൂ. മരുന്ന് കുത്തിവെച്ചാണ് നടപടി പൂർത്തിയാക്കേണ്ടത്. മറ്റ് നായ്ക്കളുടെ സാന്നിധ്യത്തിൽ ദയാവധം നടത്താനും പാടില്ല.
ദയാവധത്തിനായി പിടികൂടുന്ന നായ്ക്കളെ മൂന്ന് ദിവസം ഷെൽട്ടറുകളിൽ പാർപ്പിക്കണം. ഈ കാലയളവിൽ മൃഗസ്നേഹികളായ വ്യക്തികൾക്കോ അംഗീകൃത സംഘടനകൾക്കോ നായ്ക്കളെ ഏറ്റെടുക്കാനുള്ള അവസരം നൽകണം.
ഉത്തരവ് നടപ്പാക്കിയതിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്നും മാർഗരേഖയിൽ പറയുന്നു. എന്നാൽ ദുരുദ്ദേശ്യം, അധികാരദുർവിനിയോഗം, ഉത്തരവിന് വിരുദ്ധമായ നടപടി എന്നിവ കണ്ടെത്തിയാൽ ഈ നിയമപരിരക്ഷ ലഭിക്കില്ല.
ദയാവധവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
What's Your Reaction?