അനധികൃത ഹജ്ജ് പ്രവേശനം; കർശന നടപടിയുമായി സുരക്ഷാ സേന.
മക്ക: ഹജ്ജ് അനുമതിയില്ലാത്ത ആളുകൾ മക്കയിലും, പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ, താമസിക്കുകയോ ചെയ്യുന്നത് തടയുന്നതിനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം ശക്തമാക്കി. നിയമലംഘകരെയും, സൗകര്യമൊരുക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും, ശിക്ഷിക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മക്കയുടെ പ്രവേശന കവാടങ്ങളിൽ ഹജ്ജ് സുരക്ഷാ സേന 99 വ്യക്തികളെ ഹജ്ജ് പെർമിറ്റ് ഇല്ലാതെ കൊണ്ടുപോയതിന് ആറ് താമസക്കാരെയും, 14 പൗരന്മാരെയും അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മറ്റൊരു സംഭവത്തിൽ, ഹജ്ജ് നിയമങ്ങൾ ലംഘിച്ച് 15 വ്യക്തികളെ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിന് രണ്ട് പൗരന്മാരെ സേന അറസ്റ്റ് ചെയ്തു.
തടവ് ശിക്ഷയ്ക്ക് പുറമെ പരമാവധി 100,000 സൗദി റിയാൽ പിഴയടക്കുകയും, നിയമലംഘകരുടെ പരസ്യമായ പേര് വെളിപ്പെടുത്തൽ, താമസക്കാരെ നാടുകടത്തൽ, ശിക്ഷ വിധിച്ചതിന് ശേഷം 10 വർഷത്തെ റീ-ഇൻട്രി വിലക്ക് എന്നിവ ശിക്ഷകളിൽ ഉൾപ്പെടുന്നു. അനധികൃത ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും പെർമിറ്റ് ഇല്ലാതെ ഹജ്ജിന് ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്താനും മന്ത്രാലയം ആവശ്യപ്പെട്ടു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ഹജ്ജ് ചട്ടങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ആവശ്യപ്പെടുകയും ഏപ്രിൽ 29 നും, ജൂൺ 10 നും ഇടയിൽ പെർമിറ്റ് ഇല്ലാതെ മക്കയിൽ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് പൊതുജനങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്തു.
What's Your Reaction?