അബ്ദുൾ റഹീമിന്റെ കേസ്; റിയാദിലെ കോടതി ഇന്ന് പരിഗണിക്കും.

അഞ്ച് തവണ മാറ്റി വെച്ച കേസാണ് ഇന്ന് പരിഗണിക്കുന്നത്.

Jan 15, 2025 - 08:36
 0
അബ്ദുൾ റഹീമിന്റെ കേസ്; റിയാദിലെ കോടതി ഇന്ന് പരിഗണിക്കും.

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ കേസ് റിയാദിലെ കോടതി ഇന്ന് പരിഗണിക്കും.ഇന്ന് തന്നെ ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും. കഴിഞ്ഞ 5 തവണ മാറ്റി വെച്ച കേസ് ആണ് ഇന്ന് പരിഗണിക്കുന്നത്. രാവിലെ ഇന്ത്യൻ സമയം 10.30-നാണ് ഫറോക് സ്വദേശി അബ്ദുറഹീമിൻ്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി വീണ്ടും പരിഗണിക്കുന്നത്.

ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും, കുടുംബവും, നിയമ സഹായ സമിതിയും. ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസിൽ വിധി പറയുന്നത് കോടതി കഴിഞ്ഞ 5 തവണവും മാറ്റി വെച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 30ന് പരിഗണിച്ചപ്പോൾ കേസ് ഇന്നത്തേക്ക് നീട്ടി വെയ്ക്കുകയായിരുന്നു.

ജയിൽ മോചനത്തിന് മറ്റു തടസ്സങ്ങളൊന്നും കാണുന്നില്ലെന്നാണ് റിയാദിലെ നിയമ സഹായ സമിതി സൂചിപ്പിക്കുന്നത്. രാവിലെ ഓൺലൈൻ വഴി കേസ് പരിഗണിക്കുമ്പോൾ അബ്ദുറഹീമും, അഭിഭാഷകനും ഹാജരാകും. 2006-ൽ സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിലായ അബ്ദുറഹീം 18 വർഷത്തോളമായി റിയാദ് ജയിലിലാണ്.

കൊല്ലപ്പെട്ട സൌദി ബാലൻ്റെ കുടുംബം ആവശ്യപ്പെട്ട 15 മില്യൺ റിയാൽ മോചനദ്രവ്യം മലയാളികൾ സ്വരൂപിച്ച് നല്കിയിരുന്നു. ഇതേ തുടർന്ന് കുടുംബം അബ്ദുറഹീമിന് മാപ്പ് നൽകുകയും വധശിക്ഷ റദ്ദാക്കുകയും ചെയ്തു. ഇനി പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസിലെ വിധിയും മോചന ഉത്തരവും കോടതിയിൽ നിന്ന് വരാനുണ്ട്. ഇന്ന് തന്നെ ഇതുണ്ടാകും എന്നാണ് പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow