ഓടുന്ന ബസുകളുടെയും, ലോറികളുടെയും ഡ്രൈവറുടെ ക്യാബിനിൽ കയറി വിഡിയോ ചിത്രീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി.
കൊച്ചി: ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനിൽ കയറി വിഡിയോ ചിത്രീകരിക്കുന്നത് ഹൈകോടതി തടഞ്ഞു. കോൺട്രാക്ട് കാരിയേജുകളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ഡ്രൈവർ കമ്പാർട്ടുമെന്റിനുള്ളിൽ വെച്ച് വ്ലോഗ് ചെയ്യുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് കേരള ഹൈകോടതി നിർദ്ദേശിച്ചത്. വ്ലോഗർമാർ ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും റോഡപകടങ്ങൾക്കും കാരണമാകുമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീ കൃഷ്ണ എസ് എന്നിവർ ചൂണ്ടിക്കാട്ടി. ഉടമകളോ വ്ലോഗർമാരോ യൂട്യൂബ് പോലുള്ള ഓൺലൈൻ വിഡിയോ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്ത ഇത്തരം വിഡിയോകൾ ശേഖരിക്കാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോട് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ചരക്ക് ലോറികളിൽ പോലും വ്ലോഗർമാർ ഡ്രൈവറുടെ ക്യാബിനിനുള്ളിൽ വിഡിയോ ചിത്രീകരിക്കുന്നുണ്ട്. അടുത്തിടെ, വിഡിയോ എടുക്കുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടതും കോടതി ചൂണ്ടിക്കാട്ടി. ഡി.ജെ ലൈറ്റുകൾ, ലേസർ ലൈറ്റുകൾ, പാസഞ്ചർ കമ്പാർട്ടുമെന്റിനുള്ളിലെ മൾട്ടി-കളർ എൽഇഡി ലൈറ്റുകൾ, ഹൈ-പവർ മ്യൂസിക് സിസ്റ്റങ്ങൾ എന്നിവയുടെ ദുരുപയോഗം സംബന്ധിച്ച കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ പരസ്യമായി ലംഘിക്കുന്നുണ്ട്. ഇൻവെർട്ടറും ഒന്നിലധികം ബാറ്ററികളും കോൺട്രാക്ട് കാരിയേജുകളുടെ ലഗേജ് കമ്പാർട്ടുമെന്റിനുള്ളിൽ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി പറഞ്ഞു.
What's Your Reaction?