കാഞ്ഞങ്ങാട്ടെ സൈബർതട്ടിപ്പ്; 50 ലക്ഷം തിരിച്ചു പിടിച്ച് പോലീസ്.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റ് എന്ന സൈബർ തട്ടിപ്പിൽ പെടുത്തി 2 കോടി 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 50 ലക്ഷം രൂപ കാസർഗോഡ് സൈബർ പൊലീസ് തിരിച്ചുപിടിച്ചു. ഇൻഡസ് ബാങ്കിന്‍റെ ബിഹാറിലെ സമ്പത്ചക്ക് ബ്രാഞ്ചിൽ നിന്നും എട്ട് ആഴ്ച കൊണ്ടാണ് പണം തിരികെ പിടിച്ചത്. 2025 ആഗസ്റ്റ് 12 മുതൽ 21 വരെയുള്ള തീയതികളിൽ പല തവണയായിയാണ് പണം തട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് അക്കൗണ്ടിലെ പണം തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ സൈബർ ക്രൈം പോർട്ടലിൽ വിളിച്ച് പരാതി അറിയിക്കുകയും കാസർഗോഡ് സൈബർ പൊലീസിന്റെ സഹായം തേടുകയും ചെയ്തു. അവസരോചിതമായ ഇടപെടലിലൂടെ ഇതുവരെ 57 ലക്ഷം രൂപ ഫ്രീസ് ചെയ്യിക്കാൻ സാധിച്ചിട്ടുണ്ട്. അതിൽ 50 ലക്ഷം രൂപ കോടതി മുഖേന ഡി ഡി ആയി കാസർഗോഡ് കോടതിയിൽ എത്തി. അവസാനമായി തട്ടിപ്പുകാർക്ക് പണം നൽകി ഏതാനം മണിക്കൂറുകൾക്കുള്ളിൽ പരാതി രജിസ്റ്റർ ചെയ്തതിനാലാണ് പണം തിരികെ പിടിക്കാൻ സാധിച്ചത്. ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്‌ഡി ഐപിഎസിന്‍റെ നിർദ്ദേശപ്രകാരം കാസർഗോഡ് സൈബർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിപിൻ യു പിയുടെ മേൽനോട്ടത്തിൽ എസ് ഐ രവീന്ദ്രൻ, ഷിനു കെ ബി, എഎസ്ഐ പ്രശാന്ത്, രഞ്ജിത്ത് എസ് സിപിഒ സുധേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.
What's Your Reaction?