കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് കർശന ശിക്ഷകൾ നൽകുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്.
അബുദാബി: കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് കർശന ശിക്ഷകൾ നൽകുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് (എ.ഡി.ജെ.ഡി) വ്യക്തമാക്കി.
രാജ്യത്തിന്റെയോ, അതിന്റെ സ്ഥാപനങ്ങളുടെയോ, ദേശീയ ചിഹ്നങ്ങളുടെയോ, പ്രശസ്തിയെ പരിഹസിക്കുകയോ, അപമാനിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കുള്ള ശിക്ഷകൾ സംബന്ധിച്ച് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്.
കിംവദന്തികളും, സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 34 പ്രകാരം, കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവും 500,000 ദിർഹം വരെ പിഴയും ലഭിക്കും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കോ, രാജ്യത്തിന്റെ സുരക്ഷയ്ക്കും, ഐക്യത്തിനും അന്താരാഷ്ട്ര നിലയ്ക്കും, ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കോ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഈ നിയമം അനുശാസിക്കുന്നു.
യുഎഇയുടെയും, അതിന്റെ സ്ഥാപനങ്ങളുടെയും സൽപ്പേരിനെ പരിഹസിക്കുന്നതോ, ദോഷകരമായി ബാധിക്കുന്നതോ ആയ പ്രവൃത്തികളിൽ ഏർപ്പെടുന്ന വ്യക്തികൾക്കുള്ള ശിക്ഷകൾ എഡിജെഡി, “എക്സ്” പ്ലാറ്റ്ഫോമിലൂടെ എടുത്തുകാണിച്ചിട്ടുണ്ട്.
നിയമത്തിലെ വ്യവസ്ഥകൾ, പ്രത്യേകിച്ച് ആർട്ടിക്കിൾ (20) മുതൽ (26) വരെ, സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ, കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ, അല്ലെങ്കിൽ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് തുരങ്കം വയ്ക്കുന്നവർ എന്നിവർക്കുള്ള കർശനമായ ശിക്ഷകൾ വിശദമാക്കുന്നു. ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന, ഐക്യത്തിന് ഭീഷണിയാകുന്ന അല്ലെങ്കിൽ രാജ്യത്തിന്റെ അന്തസ്സിന് കോട്ടം വരുത്തുന്ന പ്രവർത്തനങ്ങൾ ഈ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു.
നിയമത്തിലെ ആർട്ടിക്കിൾ (20) സർക്കാർ സംവിധാനത്തെ തകർക്കാൻ ശ്രമിക്കുന്ന വ്യക്തികളെ ലക്ഷ്യം വയ്ക്കുന്നു, സർക്കാരിന് എന്തെങ്കിലും നാശ നഷ്ടമുണ്ടാക്കുന്ന ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കും. അതുപോലെ, ആർട്ടിക്കിൾ (21) തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്ന ഏതൊരാൾക്കും ജീവപര്യന്തം തടവും, കനത്ത പിഴയും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ ചുമത്തുന്നു.
അനുച്ഛേദം (22) മുതൽ (26) വരെയുള്ള മറ്റ് വ്യവസ്ഥകൾ, അനധികൃത വിവരങ്ങളുടെ പ്രചരണം, അക്രമത്തിന് പ്രേരിപ്പിക്കൽ, രാജ്യദ്രോഹം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ മറ്റ് നിർണായക വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു.
ശ്രദ്ധേയമായി, ആർട്ടിക്കിൾ (25) പ്രത്യേകമായി രാജ്യത്തെയും, അതിന്റെ നേതാക്കളെയും, ദേശീയ ചിഹ്നങ്ങളെയും അപകീർത്തിപ്പെടുത്തുന്നതിനെ പരാമർശിക്കുന്നു, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ ഈ സ്ഥാപനങ്ങളെ പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവർക്ക് കാര്യമായ ശിക്ഷകൾ ചുമത്തുന്നു.
കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച്, ക്രിമിനൽ ശിക്ഷകൾക്ക് പുറമേ, കൗൺസിലിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക് നിരീക്ഷണം പോലുള്ള ഇതര നടപടികളും കോടതിക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
ഡിജിറ്റൽ മാർഗങ്ങളിലൂടെ യുഎഇയുടെ പ്രതിച്ഛായ, സമാധാനം, ദേശീയ ഐക്യം എന്നിവയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന വ്യക്തികൾക്കെതിരെ ശക്തമായ ഒരു പ്രതിരോധമായി ഈ നിയമം നിലകൊള്ളുന്നു.
What's Your Reaction?