തേജസ്വിനിയിൽ നിന്ന് വൻതോതിൽ ജലം ഊറ്റാനുള്ള പദ്ധതി ഉപേക്ഷിക്കണം; പ്രതിഷേധം ശക്തം
നീലേശ്വരം: തേജസ്വിനി പുഴയിൽ മുക്കട കേന്ദ്രീകരിച്ച് വൻതോതിൽ ജലം ഊറ്റിയെടുത്ത് കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ–പെരളം, കാങ്കോൽ–ആലപ്പടമ്പ് പഞ്ചായത്തുകളിലേക്കും കാസർകോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു.
പദ്ധതി നടപ്പായാൽ പ്രതിദിനം രണ്ട് കോടി ലിറ്റർ വെള്ളമാണ് തേജസ്വിനി പുഴയിൽ നിന്ന് ഊറ്റിയെടുക്കുക. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇത് മൂന്ന് കോടി ലിറ്ററിലധികമായി ഉയരുമെന്നാണ് പറയുന്നത്. എന്നാൽ ഇത്രയും വലിയ തോതിൽ ജലം ഊറ്റിയെടുക്കാനുള്ള നീരൊഴുക്ക് നിലവിൽ തേജസ്വിനി പുഴയിലില്ലെന്നാണ് നാട്ടുകാരുടെ വാദം. പദ്ധതി നടപ്പായാൽ തീരദേശ മേഖലയിലും കുന്നിൻചെരിവുകളിലും രൂക്ഷമായ ജലക്ഷാമത്തിന് ഇടയാക്കുമെന്നും നാട്ടുകാർ പറയുന്നു.
പാലായി ഷട്ടർ കം ബ്രിഡ്ജ് നിലവിലുണ്ടായിട്ടും വേനൽക്കാലത്ത് പുഴയിൽ ചെറിയ തോതിൽ മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ വൻതോതിൽ ജലം പുഴയിൽനിന്ന് ഊറ്റിയെടുക്കുന്നത് ഗുരുതരമായ പ്രതിസന്ധിക്ക് വഴിവെക്കുമെന്നാണ് ആശങ്ക.
422 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. തീരദേശ മേഖലയിൽ കടുത്ത ജലക്ഷാമത്തിന് കാരണമാകുന്ന പദ്ധതി എന്തുവിലകൊടുത്തും തടയുമെന്നും ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
പ്രതിഷേധത്തിന്റെ ഭാഗമായി ഒറ്റയാൾ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ അശോകൻ പെരിങ്ങാര രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ പൈപ്പിനുള്ളിൽ ഉപവാസം കിടന്ന് പ്രതിഷേധിച്ചു. നിരവധി പേർ അദ്ദേഹത്തിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പള്ളിപ്പാറയിൽ നിർമിക്കുന്ന ജലസംഭരണിയുടെ നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തടയുമെന്നും നാട്ടുകാർ വ്യക്തമാക്കി. തേജസ്വിനി പുഴയെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നും പുഴ മരിക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാർ ഒന്നടങ്കം പ്രഖ്യാപിച്ചു.
What's Your Reaction?