പടന്നക്കാട്ടെ ഒമ്പത് കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം.
കാഞ്ഞങ്ങാട്: പടന്നക്കാട്ടെ ഒമ്പതുകാരിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി എം സുരേഷാണ് വിധി പറഞ്ഞത്. 2024 മെയ് 15നാണ് കേസിനാസ്പദമായ സംഭവം. കുടക് ജില്ലയിൽ നാപ്പോക്ക് സ്വദേശിയായ പി എ സലീം എന്ന സൽമാനാണ്(40) കേസിലെ പ്രതി. സംഭവദിവസം പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പോയപ്പോഴാണ് സലിം മുൻ വാതിൽ വഴി വീടിനകത്ത് കയറിയത്. ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി അരക്കിലോമീറ്റർ അകലെയുള്ള വയലിൽ വച്ചാണ് പീഡിപ്പിച്ചത്. തുടർന്ന് കുട്ടിയുടെ കമ്മലുമായാണ് പ്രതി സ്ഥലം വിട്ടത്. പേടിച്ചുവിറച്ച പെൺകുട്ടി ഇരുട്ടിൽ തപ്പി തടഞ്ഞു സമീപത്തെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടയിൽ കമ്മൽ വിറ്റു കിട്ടിയ പണവുമായി പ്രതി മഹാരാഷ്ട്ര വഴി ബാംഗ്ലൂരിലെത്തുകയും, അവിടെനിന്ന് ആന്ധ്രപ്രദേശിലേക്ക് രക്ഷപ്പെട്ട പ്രതിയെ ഒമ്പതാം നാളാണ് ഹോസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിയൊമ്പതാം ദിവസം അന്നത്തെ പോലീസ് ഇൻസ്പെക്ടറായിരുന്ന എം.പി ആസാദ് ജില്ലാ സെഷൻസ് കോടതിയിൽ 300 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചതിനൊപ്പം, രക്തസാമ്പിൾ, പ്രതിയുടെ വസ്ത്രം, ബാഗ്, ടോർച്ച്, സ്ഥലത്തുനിന്ന് കിട്ടിയ തലമുടി തുടങ്ങിയ നാൽപ്പതിലധികം വസ്തുക്കളാണ് കേസിൽ തെളിവുകളായി ഹാജരാക്കിയിരുന്നത്. പെൺകുട്ടിയുടെ സ്വർണ്ണ കമ്മൽ കണ്ണൂർ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ വിൽക്കാൻ സഹായിച്ചതിന് കേസിലെ രണ്ടാം പ്രതിയായ സലീമിന്റെ സഹോദരി ശുഹൈബ(21) യ്ക്ക് ഒരു ദിവസം തടവും, 1000 രൂപ പിഴയും വിധിച്ചു.
What's Your Reaction?