ചോദ്യപേപ്പർ ചോർച്ച; വിദ്യാഭ്യാസ മന്ത്രാലയം നിഷേധിച്ചു.
കുവൈറ്റ് സിറ്റി: പതിനൊന്നാം ക്ലാസ് ഫിസിക്സ് പരീക്ഷ ചോർന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം നിഷേധിച്ചതായി സയാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഈ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും, വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ഉൽകണ്ഠ സൃഷ്ടിക്കാനും, ആത്മവിശ്വാസം തകർക്കാനുമുള്ള ശ്രമങ്ങളാണെന്നും മന്ത്രാലയം പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്ന സംശയാസ്പദമായ അക്കൗണ്ടുകൾ നിരീക്ഷിക്കുന്നതിനും, ട്രാക്ക് ചെയ്യുന്നതിനും ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബർ ക്രൈം ജനറൽ ഡിപ്പാർട്ട്മെന്റുമായി വിദ്യാഭ്യാസ മന്ത്രാലയം പൂർണമായും സഹകരിക്കുന്നുണ്ടെന്നും, ഇത്തരം കിംവദന്തികൾ പ്രസിദ്ധീകരിക്കുന്നതിലോ, പ്രചരിപ്പിക്കുന്നതിലോ ഉൾപ്പെട്ടതായി തെളിയിക്കപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പരീക്ഷ പേപ്പറുകൾ തയ്യാറാക്കൽ, അച്ചടിക്കൽ, വിതരണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഉയർന്ന തലത്തിലുള്ള രഹസ്യാത്മകതയോടെയും, കർശനമായ മേൽനോട്ടത്തോടെയും, പരീക്ഷകളുടെ സമഗ്രതയും, സുരക്ഷയും ഉറപ്പാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. അനൗദ്യോഗിക അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ വാർത്തകളിൽ തെറ്റിദ്ധരിക്കരുതെന്ന് മന്ത്രാലയം എല്ലാ വിദ്യാർത്ഥികളോടും, രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു. പരീക്ഷാ കമ്മിറ്റികൾക്കുള്ളിൽ നിയമങ്ങളും, ചട്ടങ്ങളും നടപ്പിലാക്കുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും നീതിയും, തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിന് സുരക്ഷാ നടപടികൾ കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും ദേശീയ സൂപ്പർവൈസർമാർക്ക് ഉത്തരവാദിത്വമുള്ളതിനാൽ പരീക്ഷ സമഗ്രതയും, സുരക്ഷയും നിലനിർത്തുന്നതിൽ അവരുടെ നിർണായ പങ്കിനെക്കുറിച്ച് മന്ത്രാലയം എടുത്തു പറഞ്ഞു. കൃത്യമായ വിവരങ്ങൾ തേടാനും, വാർത്തകൾക്കായി അംഗീകൃത ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കാനും മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.
What's Your Reaction?