പ്രമാദമായ കേസുകളുടെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച റിട്ട. എസ്.ഐ ധനരാജിനെ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന റിട്ടയേർഡ് എസ്.ഐ ധനരാജിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി മുരളീധരന്റെ മകനായ ധനരാജ് കാസർകോട് പാറക്കട്ടയിൽ വീട് വെച്ച് താമസിച്ചു വരികയായിരുന്നു.
ഇന്ന് രാവിലെയാണ് ധനരാജിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിരുന്ന ധനരാജ് മികച്ച കുറ്റാന്വേഷകനെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. കാസർകോട് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്നാണ് വിരമിച്ചത്.
വിരമിച്ച ശേഷം ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്ന ധനരാജിനെ ആരോഗ്യ കാരണങ്ങളാൽ രണ്ടുമാസം മുമ്പ് ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടോ മറ്റേതെങ്കിലും കാരണത്താലോ ആണോ ആത്മഹത്യയെന്നത് വ്യക്തമല്ല.
സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
What's Your Reaction?