മടിക്കൈയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലാചിത്രങ്ങൾ കണ്ടെത്തി.
കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്ര അധ്യാപകനും, ചരിത്ര ഗവേഷകനുമായ ഡോക്ടർ നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകൻ സതീശൻ കാളിയാനം, ബറോഡ സർവ്വകലാശാലയിലെ പുരാവസ്തു വിഭാഗം വിദ്യാർത്ഥികളായ അനഘ, ശിവരാമകൃഷ്ണൻ, അസ്ന, ജിജി എന്നിവർ നടത്തിയ നിരീക്ഷണത്തിലാണ് ശിലാ ചിത്രങ്ങൾ കണ്ടെത്തിയത്.
മടിക്കൈ: ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന മടിക്കൈ പഞ്ചായത്തിലെ എരിക്കുളം വലിയ പാറയിലെ ശില ചിത്രമായ "തോരണം" അന്വേഷിച്ച് എത്തിയ ഗവേഷകർ പുൽമേടുകൾക്കിടയിൽ മൂർച്ഛിക്കുന്നു. ആയുധം കൊണ്ട് കോറിയിട്ടതെന്ന് കരുതുന്ന പരുന്തിൻ്റെയും. പാമ്പിൻ്റെയും ചിത്രങ്ങൾ കണ്ടെത്തി. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്ര അധ്യാപകനും, ചരിത്ര ഗവേഷകനുമായ ഡോക്ടർ നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകൻ സതീശൻ കാളിയാനം, ബറോഡ സർവ്വകലാശാലയിലെ പുരാവസ്തു വിഭാഗം വിദ്യാർത്ഥികളായ അനഘ, ശിവരാമകൃഷ്ണൻ, അസ്ന, ജിജി എന്നിവർ നടത്തിയ നിരീക്ഷണത്തിലാണ് ശിലാ ചിത്രങ്ങൾ കണ്ടെത്തിയത്. സമീപത്തായി മനുഷ്യൻ്റെ മുഖത്തിനോട് സാദൃശ്യമുള്ള അവ്യക്തമായ രൂപവും കൊത്തിവെച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ രത്നഗിരി മുതൽ വയനാട് വരെ ചെങ്കൽ പാറകളിൽ സമാന രീതിയിലാണ് പ്രാചീന മനുഷ്യർ ശില ചിത്രങ്ങൾ വരച്ചു വെച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്തിന് സമീപമുള്ള ചെങ്കൽപാറകളിൽ കാണപ്പെടുന്ന ആയിരത്തിലധികം ശിലാചിത്രങ്ങൾക്ക് പന്ത്രണ്ടായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകരുടെ നിഗമനം. നൂറ്റാണ്ടുകൾക്ക് മുമ്പ് എരിക്കുളത്ത് ജീവിച്ചിരുന്ന മനുഷ്യർ വിശ്രമവേളകളിൽ പുൽമേടുകൾ നിറഞ്ഞ വിശാലമായ വലിയ പാറയിൽ ഇര തേടി പറന്നിറങ്ങുന്ന പരുന്തിൻ്റെയും, പുല്ലുകൾക്കിടയിലൂടെ ഇഴഞ്ഞു. നീങ്ങുന്ന പാമ്പിൻ്റെയും രൂപങ്ങളും കൊത്തി വെച്ചതായിരിക്കാനാണ് സാധ്യത. മരച്ചില്ലയിൽ പറന്നിറങ്ങുന്ന രീതിയിൽ ഒരു കാൽ പുറത്തേക്ക് നീട്ടിയാണ് പരുന്തിൻ്റെ ചിത്രം വരച്ചു വെച്ചിട്ടുള്ളത്. നീലേശ്വരം ആലിൻ കീഴിലെ പാമ്പു കൊത്തിപ്പാറയിലെ സർപ്പത്തിൻ്റെ ചിത്രത്തോട് സാമ്യമുള്ള രൂപമാണ് വലിയ പാറയിലെ സർപ്പത്തിൻ്റെ ചിത്രത്തിനുള്ളത്. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ വലിയ പാറയ്ക്ക് സമീപമുള്ള ഉമിച്ചിയിൽ പാറപ്പുറത്ത് കാട്ടിപ്പലക എന്ന് നാട്ടുകാർ വിളിക്കുന്ന അടയാളപ്പെടുത്തലുകൾ മൃഗങ്ങളുടെ കാൽപ്പാടുകൾ കൊത്തിവച്ചതാണെന്ന് മനസ്സിലായി. മൃഗങ്ങളുടെ പത്തിലധികം കാൽപ്പാടുകൾ ആണ് പാറയിൽ കൊത്തി വെച്ചിട്ടുള്ളത്. നിരീക്ഷണങ്ങളിൽ ചീമേനി അരിയിട്ട പാറയിലും മനുഷ്യൻ്റെയും, മൃഗങ്ങളുടെയും ചിത്രങ്ങൾക്ക് പുറമേ മൃഗങ്ങളുടെ അറുപതിലധികം കാൽപ്പാടുകൾ കണ്ടെത്തി. കാഞ്ഞിരപ്പൊയിലിൽ നാല്പതിലധികം ജോഡി പാദമുദ്രകൾ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തലുകളോടെ കാസർകോട് ജില്ലയിൽ നിന്ന് മാത്രം കണ്ടെത്തിയ ശിലാ ചിത്രങ്ങൾ ഇരുനൂറ് കവിഞ്ഞു. ശില ചിത്രങ്ങൾ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ വിലപ്പെട്ട ചരിത്രശേഷിപ്പുകളാണ് നഷ്ടപ്പെട്ടു പോകുക.
What's Your Reaction?