മാളവിക പറഞ്ഞു. മുഖ്യമന്ത്രി കേട്ടു. ബങ്കളത്ത് ഒരു കോടിയുടെ സ്റ്റേഡിയം
മടിക്കൈ: ദേശീയ ഫുട്ബോൾ താരം മടിക്കൈ ബങ്കളത്തെ മാളവികക്ക് മുഖ്യമന്ത്രി നൽകിയ വാക്ക് പാലിച്ചു . തന്റെ പിന്മുറക്കാർക്കെങ്കിലും കളിച്ചു വളരാൻ ബങ്കളത്ത് നല്ലൊരു ഫുട്ബോൾ സ്റ്റേഡിയം വേണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് മാളവിക ആവശ്യപ്പെട്ടത്. മാളുവിന്റെ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പു നൽകുകയും ചെയ്തു. മുഖ്യമന്ത്രി നൽകിയ ആ ഉറപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത് . ഇന്നലെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലൻ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗ്രൗണ്ട് നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിച്ചു. ഇതിനായി 20 ലക്ഷം രൂപ നീക്കിവെക്കുകയും ചെയ്തു. ഇതോടെ മാളവിക ഉൾപ്പെടെ കല്ലും മണ്ണും ചരലും നിറഞ്ഞ ഗ്രൗണ്ടിൽ പന്തു തട്ടി കളിച്ചു സംസ്ഥാന, ദേശീയ ടീമുകളിൽ ഉൾപ്പെടെ ഇടം നേടിയ താരങ്ങൾക്കും ഇനി വരുന്ന തലമുറക്കും ഇത് അഭിമാനമാകും. ബങ്കളത്തെ പരുക്കൻ ഗ്രൗണ്ടിൽ പരിശീലിച്ചാണ് മാളവിക ദേശീയ ടീമിലേക്കും ആര്യശ്രീ സംസ്ഥാന സീനിയർ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനും അഞ്ജു രാജ്യത്തെ ആദ്യത്തെ വനിത ഫുട്ബോൾ അനലൈസറും രേഷ്മ, കൃഷ്ണപ്രിയ , ആരതി, അശ്വതി, എന്നിവരും പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി ജേഴ്സി അണിയുന്ന ഗോൾകീപ്പർ മിര്ഷാദും വളർന്നുവന്നത്. ഇവിടെ പരിശീലനത്തിന്നായി നല്ലൊരു ഗ്രൗണ്ട് വേണമെന്ന് ഈ കളിക്കാർ ഉൾപ്പെടെ പലവട്ടം സ്പോർട്സ് കൗൺസിലിനും സ്പോർട്സ് മന്ത്രിക്കും പഞ്ചായത്ത് അധികൃതർക്കും നിവേദനം നൽകിയിരുന്നെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഗ്രൗണ്ട് സ്കൂളിന്റെ അധീനതയിൽ ആയതിനാൽ ഇത് നന്നാക്കാൻ പണം നൽകാനാവില്ല എന്നായിരുന്നു സ്പോർട്സ് കൗൺസിലിന്റെ വാദം. ഒടുവിൽ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞ മാളവിക തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകിയതോടെയാണ് ഈ ആവശ്യത്തിന് പരിഹാരമാകുന്നത്. മുൻ എം പി പി കരുണാകരൻ, ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡണ്ട് വി പ്രകാശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉൾപ്പെടെയുള്ളവരാണ് അന്ന് മാളവികയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടത്.
What's Your Reaction?