രാജപുരം കെഎസ്ഇബി സെക്ഷൻ ഓഫീസിൽ നിന്ന് 600 കിലോ അലുമിനിയം കമ്പി മോഷണം; ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിച്ച് പോലീസ്

Jun 10, 2026 - 06:39
 0
രാജപുരം കെഎസ്ഇബി സെക്ഷൻ ഓഫീസിൽ നിന്ന് 600 കിലോ അലുമിനിയം കമ്പി മോഷണം; ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിച്ച് പോലീസ്

രാജപുരം: രാജപുരം കെഎസ്ഇബി സെക്ഷൻ ഓഫീസിൽ നിന്ന് അലുമിനിയം കമ്പി മോഷ്ടിച്ച സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കരാറുകാരനെയും ആക്രിക്കച്ചവടക്കാരനുമുൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ മോഷണം നടന്നിരിക്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രി രാജപുരം സി.ഐ കെ. സന്തോഷിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് കള്ളാറിൽവച്ച് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന 600 കിലോ അലുമിനിയം കമ്പി പിടികൂടിയത്. ഏകദേശം മുക്കാൽ ലക്ഷം രൂപ വിലവരുന്ന കമ്പിയാണ് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെ കരാർ ജോലി ഏറ്റെടുത്തിരുന്ന ബളാന്തോട് അരിപ്രോഡിലെ വിനോദ് കുമാർ (52), കള്ളാറിലെ ആക്രിക്കച്ചവടക്കാരൻ കെ.പി. ഷഫീഖ് (42), ജീവനക്കാരായ അസം സ്വദേശികളായ സൈഫുദ്ദീൻ അഹമ്മദ് (32), ആലങ്കീർ ഹുസൈൻ (22) എന്നിവരെ അറസ്റ്റ് ചെയ്തു. ഷഫീഖിനെയും തൊഴിലാളികളെയും ചോദ്യം ചെയ്തപ്പോഴാണ് കരാറുകാരനായ വിനോദ് കുമാറിന്റെ നിർദേശപ്രകാരമാണ് കമ്പി കൊണ്ടുപോയതെന്ന് മൊഴി ലഭിച്ചതിനെ തുടർന്ന് ഇയാളെയും പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്.

എന്നാൽ, ഇത്രയും വലിയ അളവിൽ കമ്പി രാത്രി സമയത്ത് ഓഫീസിൽ നിന്ന് പുറത്തേക്ക് കടത്താൻ അകത്തള സഹായമില്ലാതെ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. മഴക്കാലമായതിനാൽ രാത്രി ഡ്യൂട്ടിക്കാർ ഓഫീസിലുണ്ടാകേണ്ട സാഹചര്യത്തിൽ, അവരുടെ അറിവില്ലാതെ മോഷണം നടന്നെന്നത് വിശ്വസനീയമല്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം.

അറസ്റ്റിലായ നാലുപേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന ദിശയിൽ സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow