വിശ്വസിക്കാനാവാതെ അശ്വിന്റെ മരണം

Mar 13, 2026 - 16:46
 0
വിശ്വസിക്കാനാവാതെ അശ്വിന്റെ മരണം

മടിക്കൈ: കൊട്ടോടി കുടുമ്പൂർ പുഴയിൽ മുങ്ങിമരിച്ച കാരാക്കോട്-തോണിക്കല്ലിലെ അശ്വിന്റെ വേർപാട് ഒരു പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തി. രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ അവസാന വർഷ ബി എസ്സ് സി ലൈഫ് സയൻസ് വിദ്യാർത്ഥിയായിരുന്ന അശ്വിൻ വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തത്തിന് ഇരയായത്. ആറോളം കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ അശ്വിൻ, കുളി കഴിഞ്ഞ് കരയിൽ നിൽക്കുന്നതിനിടെ കൊണ്ടുവന്ന ബക്കറ്റ് ശക്തമായ ഒഴുക്കിൽ പെട്ടത് കണ്ടു അത് എടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഒരുനിമിഷംകൊണ്ട് അശ്വിൻ മുങ്ങിത്താഴുകയായിരുന്നു. സഹപാഠികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി ഏറെ പരിശ്രമിച്ചാണ് അശ്വിനെ കരയ്ക്കെത്തിച്ചത്. ഉടൻ പൂടുംകല്ലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോണിക്കല്ലിലെ രവീന്ദ്രന്റെയും, ചുണ്ട അരയങ്ങാനത്തെ ഗിരിജയുടെയും മൂന്ന് മക്കളിൽ ഇളയവനാണ് അശ്വിൻ. പഠനത്തിൽ മികവ് പുലർത്തിയിരുന്ന, എല്ലാവർക്കും പ്രിയങ്കരനായ വിദ്യാർത്ഥിയായിരുന്നു എന്നാണ് അധ്യാപകരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നത്. മൂത്ത സഹോദരി അശ്വതി പൂടുംകല്ല് ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു. അതേ ആശുപത്രിയിലേക്കാണ് സഹോദരന്റെ ചേതനയറ്റ ശരീരം എത്തിച്ചത്. സഹോദരനെ ആ നിലയിൽ കണ്ട അശ്വതിയുടെയും, കണ്ടു നിന്നവരുടെയും സങ്കടം ആശുപത്രി പരിസരം മുഴുവൻ കണ്ണീരിലാഴ്ത്തി. വിദേശത്തുള്ള രണ്ടാമത്തെ സഹോദരി ഐശ്വര്യയും ഭർത്താവും, അമ്മാവൻ ഗോപുവും നാട്ടിലെത്തിയതിനുശേഷമാകും സംസ്കാരച്ചടങ്ങുകൾ ക്രമീകരിക്കുക. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും നാട്ടിലെത്താനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ. നിലവിൽ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow