അറുപതിലും അണിഞ്ഞൊരുങ്ങി ദേര ക്ലോക്ക് ടവർ.
അറുപതിലും, അണിഞ്ഞൊരുങ്ങി തലയുയർത്തി നിൽക്കുകയാണ് ദുബായിലെ ആദ്യ ലാൻറ് മാർക്കായ ദേര ക്ലോക്ക് ടവർ. ആധുനികതയുടെ പര്യായമായ അംബരചുംബികളായ നിർമ്മിതികൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ള ദുബായിലെ ആദ്യത്തെ പ്രശസ്തമായ അടയാളമാണ് ദേരയിലെ ഈക്ലോക്ക് ടവർ. വർഷങ്ങൾക്ക് ശേഷം ദുബായ് മുനിസിപ്പാലിറ്റി പൂർവ്വാധികം ഭംഗിയോടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു ഈ ക്ലോക്ക് ടവർ. 1963-ൽ പണി കഴിപ്പിച്ച ഈ ക്ലോക്ക് ടവറിനെ ദുബായ് ക്ലോക്ക് ടവർ എന്നായിരുന്നു ആദ്യം നാമകരണം ചെയ്തത്. ദേരയിലെ ഉമ്മു ഹുറൈർ റോഡിൻ്റെയും, അൽ മക്തൂം റോഡിൻ്റെയും മധ്യത്തിലായാണ് ഈ ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്നത്. ദുബായ്, അബുദാബി റോഡ് നിർമ്മാണത്തിന് മുമ്പ് ദുബായിലേക്കുള്ള എല്ലാ പ്രധാനപ്പെട്ട റൂട്ടുകളുടെയും സംഗമസ്ഥാനമായിരുന്നു ദേരയിൽ ദുബായുടെ പ്രതീകമായി ക്ലോക്ക് ടവർ നിർമ്മിച്ചത്. ശൈഖ് റാഷിദ് ബിൻ സഈദ് അൽ മഖ്തൂമായിരുന്നു ഈ ടവർ കമ്മീഷൻ ചെയ്തത്. സബീൽ കൊട്ടാരത്തിൻ്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ആർക്കിടെക്ചർ ഡിസൈൻ കൺസ്ട്രക്ഷൻ (എ.ഡി.സി) ഓഫീസിലെ ഓട്ടോ ബുള്ളാർഡും, സിക്കി ഹോംസിയും ചേർന്നാണ് ക്ലോക്ക് ടവർ ചെയ്തത്. ഈ ക്ലോക്ക് ടവർ യു.എ.ഇ.യിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വാസ്തുവിദ്യാ ലാൻ്റ് മാർക്കുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. ലളിതമായ കമാന ഘടനയുടെ പരിശുദ്ധിയും, ലാളിത്യവുമാണ് ഇതിൻ്റെ എടുത്തു പറയേണ്ട ആകർഷണം. പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലും ദുബായുടെ സമ്പത്ത് വ്യവസ്ഥ മത്സ്യ ബന്ധനത്തിലും, മുത്തുകളുടെ വ്യാപാരത്തെ ആശ്രയിച്ചായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം മുത്തുകളുടെ വ്യാപാരം ഗണ്യമായി കുറഞ്ഞു വന്ന സാഹചര്യത്തിൽ ദുബായ്, ഷാർജ, അബുദാബി ഭരണാധികാരികൾ അതത് നഗരങ്ങളിൽ എണ്ണ പര്യവേഷണം നടത്തുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. 1962- ൽ ഈ പര്യവേഷണ യാത്ര അബുദാബിയിൽ നിന്നുള്ള ആദ്യത്തെ എണ്ണക്കയറ്റുമതിക്ക് തുടക്കമിട്ടു. ഇത് യു.എ.ഇ.യ്ക്ക് പുതിയ വ്യാപാര അവസരങ്ങൾ തുറന്നു കൊടുത്തു. അങ്ങിനെ രാജ്യത്തിൻ്റെ ഈ സുപ്രധാന സന്ദർഭത്തെ അടയാളപ്പെടുത്തുന്നതിനായാണ് ദേര ക്ലോക്ക് ടവർ സ്ഥാപിച്ചത്. അൽ മക്തൂം പാലത്തിലേക്കുള്ള പ്രവേശന കവാടമായും ഈ ടവറിനെ കണക്കാക്കുന്നു. രാത്രി കാലങ്ങളിൽ വർണ്ണങ്ങൾ വിതറി വീഴുന്ന ജലധാരകളും, അലങ്കരിച്ച ഈന്തപ്പന മരങ്ങളും കൊണ്ട് വർണ്ണ വിസ്മയങ്ങൾ തീർക്കും ടവറിൻ്റെ അടിഭാഗം. സാങ്കേതിക വിദ്യകളൊന്നുമില്ലാത്ത കാലത്ത് ഇരുപത്തിനാലോളം നിർമ്മാണ തൊഴിലാളികൾ മനുഷ്യാദ്ധ്വാനം കൊണ്ട് ഒരു വർഷമെടുത്ത് പൂർത്തീകരിച്ചതാണ് കമാനാകൃതിയിലുള്ള ഈ ക്ലോക്ക് ടവറെങ്കിലും നിർമ്മാണത്തിൽ ആദ്യം ഉരുക്ക് കൊണ്ട് നിർമ്മിച്ച ക്ലോക്ക് ടവർ വേണ്ടത്ര ശക്തിയില്ലാത്തതിനാലും, ഈർപ്പം കാരണം ടവർ നിർമ്മിക്കാൻ ഉപയോഗിച്ച സ്റ്റീൽ തുരുമ്പെടുക്കുകയും ചെയ്തു വിദ്യയുപയോഗിച്ച് 1970-ൽപുനർനിർമ്മാണം നടത്തുകയായിരുന്നു. ടവറിൽ പുതിയ ഒമേഗ ക്ലോക്കുകൾ ഇൻസ്റ്റാൾ ചെയ്തു, സമയ കൃത്യതയ്ക്കായി ക്ലോക്കുകൾ ജി.പി.എസ് സെൻസറുകൾ സജ്ജീകരിക്കുകയും ചെയ്തുകൊണ്ടാണ് ഇന്ന് കാണുന്ന വിധത്തിലാക്കിയത്. ലോകത്തെ ഏറ്റവും മനോഹരമായ 17 ക്ലോക്ക് ടവറുകളുടെ പട്ടികയിൽ ടെലഗ്രാഫ് പത്രം ദുബായ് ക്ലോക്ക് ടവറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.ആധുനിക വാസ്തുവിദ്യാശൈലിയിൽ പരമ്പരാഗത അറബി ഘടകങ്ങൾ ഉൾപ്പെടുത്തി പണിത ഈ ടവറിന് ഏകദേശം 25 മീറ്റർ ഉയരമുണ്ട്.
ഒമേഖയുടെ നാല് ഘടികാരമുഖങ്ങൾക്ക് 5 മീറ്റർ വ്യാസവുമുണ്ട്. ദുബായ് മുനിസിപ്പാലിറ്റി ദേര ക്ലോക്ക് ടവറിനെ യൂനസ്കോയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഘടനയുടെ മധ്യഭാഗത്തുള്ള ക്ലോക്ക് ദുബായ് ഭരണാധികാരിയും, യു. എ. ഇ. വൈസ് പ്രസിഡണ്ടായ അന്തരിച്ച ശൈഖ് റാഷിദ് ബിൻ സഈദ് അൽ മഖ്തൂമിന്ന് സമ്മാനമായി നൽകണമെന്ന് പറയപ്പെടുന്നു. ആധുനികതയുടെ അമ്പരപ്പിക്കുന്ന അടയാളങ്ങളായ ബുർജ് ഖലീഫയും, ഫ്യൂച്ചർ മ്യൂസിയവും സഞ്ചാരികളെ വിസ്മയിപ്പിക്കുമ്പോഴും ദേരയിലെ ക്ലോക്ക് ടവർ ചരിത്രത്തിൻ്റെ തങ്കലിപികളിൽ തലയുയർത്തി നിൽക്കുകയാണ്.
What's Your Reaction?