ഇരുമുടിക്കെട്ടിൽ കള്ളനോട്ട് തിരികിയ സംഭവം; കളനാട് സ്വദേശി അറസ്റ്റിൽ.
കിഷോർ കുമാറിന്റെ വീട്ടിലെ കക്കൂസ് ടാങ്കിൽ നിന്ന് ദ്രവിച്ചു തുടങ്ങിയ പ്രിന്റിംഗ് മെഷീന്റെ ഭാഗങ്ങൾ കണ്ടെടുത്തു.
കാസർകോട്: ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികന്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് തിരുകിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.
കളനാട് ബാലഗോപാല ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കിഷോർ കുമാറാണ്(35) അറസ്റ്റിലായത്.
പ്രതിയെ ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ജനുവരി ആറിന് പാലക്കുന്നിലെ മൊബൈൽ കടയിൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റാൻ കിഷോറിന്റെ സുഹൃത്ത് വിനോദ് 500 ന്റെ നാല് നോട്ടുകൾ നൽകിയിരുന്നു. ഇത് കള്ളനോട്ട് ആണെന്ന് കണ്ടെത്തിയ കടയുടമ വിനോദിന്റെ പേരിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ പ്രാഥമിക അന്വേഷണത്തിൽ വിനോദിന് കള്ളനോട്ട് സംഘവുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. വിനോദും, കിഷോർ കുമാറും ഉൾപ്പെട്ട സംഘം ശബരിമലയിൽ പോയി തിരിച്ചുവന്ന ശേഷമാണ് മൊബൈൽ കടയിൽ നോട്ട് നൽകിയത്.
ഇത് മനസ്സിലാക്കിയ പോലീസ് സംഘം വിനോദിനൊപ്പം ശബരിമലയ്ക്ക് പോയവരെ കുറിച്ച് അന്വേഷണം നടത്തി.
ഇതിനിടെയാണ് കിഷോർ കുമാറിനെ കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിക്കുന്നത്.
നാലുമാസം മുമ്പ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് ചെർക്കളയിൽ നിന്ന് 500 ന്റെ 400 ലേറെ കള്ളനോട്ടുകളും, കള്ളനോട്ട് അച്ചടി യന്ത്രവും പിടികൂടിയ കേസിൽ കിഷോർ കുമാർ നേരത്തെ അറസ്റ്റിലായിരുന്നു.
ശബരിമല ദർശനത്തിനിടെ പമ്പയിൽ ഇവർ താമസിച്ച സ്ഥലങ്ങളും പോലീസ് പരിശോധിച്ചു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കിഷോർകുമാർ വിനോദിന്റെ ഇരുമുടിക്കെട്ടിൽ താൻ കള്ളനോട്ട് തിരുകിയെന്ന് സമ്മതിക്കുകയായിരുന്നു.
വിനോദിന്റെ ഇരുമൂടി കെട്ടിലുണ്ടായിരുന്ന പത്തായിരം രൂപയുടെ കെട്ടിൽ 700 കള്ളനോട്ടുകൾ തിരുകി ഒറിജിനൽ എടുത്തുവെന്നും പോലീസിനോട് പറഞ്ഞു.
കിഷോറിന്റെ വീട്ടിലെ കക്കൂസ് ടാങ്ക് തുറന്നു പരിശോധിച്ചപ്പോൾ ടാങ്കിൽ ദ്രവിച്ചു തുടങ്ങിയ പ്രിന്റിംഗ് മെഷീന്റെ ഭാഗങ്ങൾ കണ്ടെടുത്തു.
ശബരിമലയിൽ പോകുന്ന വഴികളിലെ ഹോട്ടലുകളിലും കള്ളനോട്ട് ചെലവഴിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കേസ് അന്വേഷിച്ചത്. സ്ക്വാഡ് അംഗങ്ങളായ എസ് ഐ നാരായണൻ, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?