ബഡ്സ് സ്കൂൾ കലാമേള നാളെ മുതൽ കോട്ടിക്കുളത്ത്
കാസർകോട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല കലാമേള ‘മാന്തളിർക്കൂട്ടം’ നാളെ കോട്ടിക്കുളം നൂറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ മേള സംഘടിപ്പിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റമ്പതിലധികം മത്സരാർത്ഥികളാണ് കലാമേളയിൽ മാറ്റുരയ്ക്കുന്നത്. ഒപ്പന, സംഘനൃത്തം, മിമിക്രി തുടങ്ങി പതിനഞ്ചോളം ഇനങ്ങളിലായി കുട്ടികളുടെ കലാപ്രകടനങ്ങൾ അരങ്ങേറും. കലാമേളയുടെ പ്രചാരണാർത്ഥം ഉദുമ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് വർണ്ണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഉദുമ ടൗണിൽ നിന്നും ആരംഭിച്ച ഘോഷയാത്ര മത്സരവേദിയായ നൂറുൽ ഹുദ സ്കൂളിൽ സമാപിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രൻ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർ, കുടുംബശ്രീ പ്രവർത്തകർ, ബഡ്സ് സ്കൂൾ ജീവനക്കാർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു. നാളെ രാവിലെ മുതൽ മത്സരങ്ങൾ ആരംഭിക്കും.
What's Your Reaction?